സുബൈര്‍ വധക്കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു; സഞ്ജിത്തിന്റെ കൊലപാതകത്തിലെ പ്രതികാരം തീര്‍ത്തതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ മൂന്ന് പ്രതികളെ റിമാന്‍ഡ് ചെയ്തു. രമേശ്, അറുമുഖന്‍, ശരവണന്‍ എന്നിവരെ ചിറ്റൂര്‍ സബ് ജയിലലടയ്ക്കും. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. രമേശിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മണ്ണുക്കാട് കോഴയാറില്‍ ചെൡയില്‍ പൂഴ്ത്തിവച്ച നിലയില്‍ സുബൈറിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഇന്നലെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആറില്‍ പൂഴ്ത്തിവച്ച നിലയില്‍ നാല് വടിവാളുകളാണ് കണ്ടെടുത്തത്. തെളിവെടുപ്പിനിടെ നാല് വടിവാളുകളും പ്രതികള്‍ പൊലീസിന് കാണിച്ചുകൊടുക്കുകയായിരുന്നു.

സുബൈര്‍ വധക്കേസില്‍ കൂടുതല്‍ സി സി ടി വി ദൃശ്യങ്ങളും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്. പ്രതികള്‍ കാര്‍ ഉപേക്ഷിച്ച് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കഞ്ചിക്കോട്ട് കാര്‍ ഉപേക്ഷിച്ച പ്രതികള്‍ തോട് മുറിച്ചാണ് കടന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പ്രതികളിലൊരാളായ രമേശ് വാടകയ്‌ക്കെടുത്ത കാറിലാണ് സംഭവ സ്ഥലത്തുനിന്ന് പ്രതികള്‍ രക്ഷപ്പെട്ടത്. നേരത്തെ കൊല്ലപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാര്‍ ഉപയോഗിച്ചാണ് പ്രതികള്‍ സുബൈറിനെ ഇടിച്ചുവീഴ്ത്തിയത്. തുടര്‍ന്ന് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രമേശ് വാടകയ്‌ക്കെടുത്ത കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഈ കാറാണ് പിന്നീട് കഞ്ചിക്കോട്ട് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. കാര്‍ വഴിയില്‍ ഉപേക്ഷിച്ച ശേഷം ദേശീയപാതക്കരികില്‍ കൂടി മൂന്നുപേര്‍ നടന്നുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.