ഉപചാരം ചൊല്ലി തൃശൂര്‍ പൂരം പിരിഞ്ഞു

തൃശൂര്‍ പൂരം അവസാനിച്ചു. തിരുവനമ്പാടി- പാറമേക്കാവ് വിഭാഗങ്ങള്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. നേരത്തെ തന്നെ ചടങ്ങുകള്‍ വെട്ടിക്കുറച്ചിരുന്നു. പകല്‍ പൂരവും വെടിക്കെട്ടും ഒഴിവാക്കിയിരുന്നു.

നിറച്ച വെടിമരുന്നിന് തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി. തിരുവമ്പാടി ദേശക്കാരെ പൂര്‍ണമായും മൈതാനത്ത് നീക്കിയ ശേഷമാണ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന് തീ കൊളുത്താന്‍ പൊലീസ് അനുമതി നല്‍കിയത്.

തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവ് മേളത്തിനിടെ ആല്‍മരം വീണ് രണ്ട് പേര്‍ മരിച്ചിരുന്നു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തിരുവമ്പാടി മാനേജിംഗ് കമ്മിറ്റി അംഗം പനിയത്ത് രാധാകൃഷ്ണന്‍, ആഘോഷ കമ്മിറ്റി അംഗം രമേശ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വെടിക്കെട്ട് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.