ലോക്ക്ഡൗൺ നിയമലംഘനം നടത്തിയവര്‍ പൊലീസിനൊപ്പം പരിശോധനയിൽ; സംഭവം വളാഞ്ചേരിയിൽ

വളാഞ്ചേരി പൊലീസിനൊപ്പം കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ പരിശോധനക്ക് ഒപ്പമെത്തിയ യുവാക്കളെക്കണ്ട് നാട്ടുകാര്‍ അമ്പരന്നു. കഴിഞ്ഞദിവസം നിയമലംഘനം നടത്തിയവര്‍ ഇന്നിതാ പൊലീസിനൊപ്പം പരിശോധനക്ക്. കാര്യം പൊലീസ് നല്‍കിയ ചെറിയ പണിയാണെങ്കിലും ഇനി അനാവശ്യമായി ഇവര്‍ പുറത്തിറങ്ങില്ലെന്ന് പൊലീസിന് ഉറപ്പായി.

ഉഴപ്പനെ നന്നാക്കാന്‍ ക്ലാസ് ലീഡറാക്കിയ പോലെയാണ് വളാഞ്ചേരിയില്‍ കാര്യങ്ങള്‍. സംഭവങ്ങളുടെ തുടക്കം എടയൂരില്‍ വച്ചാണ്. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന ജില്ലയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലറങ്ങിയ യുവാക്കള്‍ പൊലീസിനെ സഹായിക്കുന്ന ആര്‍ആര്‍ടി സംഘത്തിന്റെ മുന്നില്‍പ്പെട്ടു. അതും പോരാഞ്ഞ് വളണ്ടിയര്‍മാരോട് കയര്‍ക്കുകയും ചെയ്തു.

പിന്നാലെയെത്തിയ പൊലീസ് യുവാക്കളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുകയും അടുത്ത ദിവസം നിര്‍ബന്ധിത സാമൂഹ്യസേനത്തിന് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

എന്തായാലും ഇനി ലോക്ഡൗണ്‍ തീരും വരെ പുറത്തിറങ്ങില്ലെന്ന് മാത്രമല്ല,അകാരണമായി പുറത്തിറങ്ങാന്‍ ശ്രമിക്കുന്നവരെ തിരുത്താന്‍ ശ്രമിക്കുമെന്നുമാണ് ഈ യുവാക്കള്‍ പറയുന്നത്.