ഇന്ന് നമ്മൾ മറ്റെല്ലാറ്റിനേക്കാളും മുൻഗണന ആരോഗ്യത്തിനാണ് നൽകുന്നത്. രോഗങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനും അവയ്ക്കെതിരെ പോരാടാനുള്ള കരുത്ത് വളർത്തുന്നതിനും നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. പയർ വർഗ്ഗങ്ങളിൽ മികച്ച പോഷകമൂല്യമുള്ള ഒന്നാണ് വെള്ളപയർ അല്ലെങ്കിൽ ലോബിയ എന്നറിയപ്പെടുന്ന കറുത്ത കണ്ണുള്ള പയർ. വെള്ളപയർ ഉപയോഗിച്ച് പാകം ചെയ്യുന്ന സാലഡാണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഒരു ലഘുഭക്ഷണമായി ഉണ്ടാക്കാൻ കഴിയുന്ന ഈ വിഭവം ആരോഗ്യത്തിന് ഗുണകരവും, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. ഇനി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം,

ചേരുവകൾ
1 കപ്പ് വെള്ളപയർ
1 ഇടത്തരം തക്കാളി ചെറുതായി അരിഞ്ഞത്
1 വെള്ളരി ചെറുതായി അരിഞ്ഞത്
1 പഴുത്ത മാങ്ങ
50 ഗ്രാം അരിഞ്ഞ കോട്ടേജ് ചീസ്
¼ കപ്പ് വറുത്തതും ചെറുതായി അരിഞ്ഞതുമായ കപ്പലണ്ടി
മല്ലി അരിഞ്ഞത്
താളിക്കാനുള്ള ചേരുവകൾ (സീസണിങ്സ്)
1 നാരങ്ങയുടെ നീര്
¼ ടീസ്പൂൺ കറുവപ്പട്ട പൊടി
¼ ടീസ്പൂൺ കുരുമുളക് പൊടി
¼ ടീസ്പൂൺ വറുത്ത ജീരകം പൊടി
¼ ടീസ്പൂൺ ചാറ്റ് മസാല
1 ടീസ്പൂൺ തേൻ
കറുത്ത ഉപ്പ് (രുചി അനുസരിച്ച്)
തയാറാക്കുന്ന വിധം
4 – 6 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്ത് വെച്ച വെള്ളപയർ. കഴുകിയതിനു ശേഷം 2-3 വിസിൽ വരുന്നത് വരെ പ്രഷർ കുക്കറിൽ വേവിക്കുക. ഉപയോഗിച്ച വെള്ളത്തിന്റെ അളവ് പരിശോധിക്കുക, അത് 1-1 / 2 കപ്പിൽ കൂടരുത്. ഒരു വലിയ മിക്സിംഗ് പാത്രം എടുത്ത് വേവിച്ചു വെച്ച വെള്ളപയർ വെള്ളമില്ലാതെ എടുത്ത് അരിഞ്ഞ് വെച്ചിരുന്ന, തക്കാളി, കുക്കുമ്പർ, മാങ്ങ, കോട്ടേജ് ചീസ് എന്നിവയുടെ കൂടെ ചേർക്കുക. ശേഷം ബാക്കി സീസണിങ് ചേരുവകൾ ചേർത്ത് നന്നായി ഇളക്കുക. ശേഷം നിലികടല മല്ലി എന്നിവ വിതറുക.
ഗുണങ്ങൾ
പ്രോട്ടീൻ, സിങ്ക്, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ള പ്രധാന ഘടകമാണ് വെള്ളപയർ. ഫൈബർ കൂടുതൽ അടങ്ങിയിട്ടുള്ളതും ഈ വിഭവത്തിൻറെ മറ്റൊരു സവിശേഷതയാണ്. ഡയബറ്റിക് ആയിട്ടുള്ള കൊവിഡ് രോഗികൾക്ക് ഇത് അത്യുത്തമമാണ്.
കോട്ടേജ് ചീസ്, നിലക്കടല എന്നിവ വിഭവത്തിന്റെ പ്രോട്ടീനും സിങ്ക് മൂല്യവും വർദ്ധിപ്പിക്കുന്നു. നാരങ്ങയും തക്കാളിയും വിറ്റാമിൻ സി വർദ്ധിപ്പിക്കാൻ സഹായകരമാകും. കറുവപ്പട്ടയും കുരുമുളകും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമാണ്. ദഹനത്തിന് കറുത്ത ഉപ്പ് സഹായിക്കുന്നു. തക്കാളി, മാമ്പഴം, വെള്ളരി എന്നിവയെല്ലാം ഫൈറ്റോകെമിക്കലുകളാൽ സമ്പുഷ്ടമാണ്, ഇത് നമ്മുടെ ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിന് വളരെ പ്രധാനമാണ്.