സ്കൂൾ പ്രവ്യത്തിദിനത്തിലെ കുറവ് ചോദ്യംചെയ്ത് ഹർജി: സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തിദിനങ്ങൾ വെട്ടിക്കുറച്ചതിനെതിരെ ഹർജി. മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ സി.കെ ഷാജിയും പിടിഎയുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സ്കൂളുകളുടെ പ്രവൃത്തിദിനം 210 ആയി കുറച്ചത് വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജി പരിഗണിച്ച ഹൈക്കോടതി 10 ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നോട്ടീസ് അയച്ചു.

2023-2024 അധ്യയന വര്‍ഷത്തില്‍ സ്കൂള്‍ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം പ്രവ്യത്തിദിനങ്ങള്‍ 210 ആയി ചുരുക്കിയതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. പ്രവൃത്തിദിനം 210 ആയി ചുരുക്കിയത് വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ സാരമായി ബാധിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു.

സിലബസുകള്‍ യഥാസമയം പൂര്‍ത്തിയാക്കാന്‍ 210 പ്രവൃത്തിദിനം പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് കേരള വിദ്യാഭ്യാസ നിയമത്തിന് എതിരാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബസന്ത് ബാലാജി സര്‍ക്കാരിനോട് പത്ത് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ നോട്ടീസ് നൽകുകയായിരുന്നു.