ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് എലികടിയേറ്റ സംഭവം; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് എലികടിയേറ്റ സംഭവത്തില്‍ വിശദീകരണം തേടി ഹൈക്കോടതി. ക്ഷേത്രഭരണസമിതിയും ഗുരുവായൂര്‍ നഗരസഭയും ജില്ലാ മെഡിക്കല്‍ ഓഫീസറും വിശദീകരണം നല്‍കണം. സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ദേവസ്വം ഹര്‍ജികള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ എതിര്‍ കക്ഷികള്‍ നാളെവരെ സമയം ആവശ്യപ്പെട്ടു.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി വരിനില്‍ക്കുകയായിരുന്ന ഭക്തര്‍ക്ക് കഴിഞ്ഞ ദിവസമാണ് എലികടിയേറ്റത്. മൂന്ന് പേര്‍ക്കാണ് കടിയേറ്റത്. ഇതില്‍ ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയമാക്കി. നാലമ്പലത്തിലേക്ക് കയറാന്‍ ചുറ്റമ്പലത്തിലെ കമ്പി അഴിക്കുള്ളില്‍ വരി നില്‍ക്കുമ്പോഴാണ് കടിയേറ്റത്.

ഒരു മാസം മുന്‍പ് ക്ഷേത്രം കാവല്‍ക്കാരനും എലിയുടെ കടിയേറ്റിരുന്നു. കടിയേറ്റവരെ ചികിത്സിക്കാന്‍ ദേവസ്വം ആശുപത്രിയില്‍ മതിയായ സൗകര്യമില്ലെന്ന് ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് കടിയേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചത്.