പ്രിയ സിദ്ദിഖിന് വിട; ഒരുനോക്ക് കാണാൻ നിരവധിപ്പേർ

കൊച്ചി: അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ പൊതുദർശനം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുകയാണ്. ലാൽ, ഫാസിൽ, ജനാർദ്ദനൻ, സ്വർഗചിത്ര അപ്പച്ചൻ, ജയറാം, കമൽ, സിബി മലയിൽ, നടൻ നാരായണൻകുട്ടി, ഫഹദ് ഫാസിൽ, ഇടവേള ബാബു, മണിയൻപിളള രാജു, മണികണ്ഠൻ ആചാരി, ടൊവിനോ തോമസ്, ശ്യം പുഷ്ക്കരൻ തുടങ്ങി സിനിമാ – സാംസ്‌കാരിക മേഖലയിൽ നിന്ന് നിരവധിപ്പേർ അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിച്ചേർന്നിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ സംവിധായകനെ അവസാനമായതി ഒരുനോക്ക് കാണാൻ നിരവധി സാധാരണക്കാരുമെത്തിയിട്ടുണ്ട്. 12 മണിവരെയാണ് കൊച്ചിയിൽ പൊതുദർശനമുണ്ടാവുക. തുടർന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് ആറ് മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലായിരിക്കും ഖബറടക്കം.

കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെസിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായി. സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് മരണം വിവരം ഔദ്യോഗികമായി അറിയിച്ചത്. മലയാളത്തില ചിരിപ്പടക്കത്തിന് തിരികൊളുത്തിയ അനേകം കഥാപാത്രങ്ങളെയും ഡയലോ​ഗുകളെയും മലയാളികൾക്ക് സമ്മാനിച്ചാണ് സിദ്ദിഖിന്റെ മടക്കം.

കൊച്ചിൻ കലാഭവനിലൂടെയാണ് സിദ്ദിഖിന്റെ കലാജീവിതം ആരംഭിക്കുന്നത്. കലാഭവനിൽ വെച്ചാണ് അദ്ദേഹം പില്‍ക്കാലത്ത് തന്റെ സംവിധാന പങ്കാളിയായ ലാലുമായി സൗഹൃദത്തിലാകുന്നത്. ഈ കാലയളവിലാണ് ഇരുവരും സംവിധായകൻ ഫാസിലിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ സഹസംവിധായകരാകുന്നതും. ഈ ഘട്ടത്തിൽ തന്നെയാണ് പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയ്ക്ക് തിരക്കഥ ഇരുവരും ചേർന്നെഴുതുന്നത്. നാടോടിക്കാറ്റ് എന്ന സിനിമയ്ക്ക് ആധാരമായതും സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിന്റെ കഥയായിരുന്നു. ​ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല, റാംഞ്ചി റാവു സ്പീക്കിം​ഗ്, മാന്നാ‍ർ മത്തായി തുടങ്ങിയ ബോക്സ് ഓഫീസിനെ തകർത്ത ഒരുപിടി ചിത്രങ്ങൾ സിദ്ദിഖ് സമ്മാനിച്ചു. മോഹൻലാൽ നായകനായ ബിഗ് ബ്രദറാണ് സിദ്ദിഖ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഫുക്രി, ബിഗ് ബ്രദർ എന്നീ സിനിമകൾ അദ്ദേഹം നിർമ്മിക്കുകയും ചെയ്തു.