റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ 25 വിക്ഷേപണം വിജയകരം; ദക്ഷിണധ്രുവം തൊടാൻ ഇന്ത്യയോട് മത്സരം

മോസ്കോ: റഷ്യയുടെ ചാന്ദ്ര ലാൻഡർ ലൂണ 25 വിക്ഷേപണം വിജയകരം. ഇന്ത്യൻ പേടകമായ ചന്ദ്രയാൻ 3 ലാൻഡ് ചെയ്യുന്നതിന് മുമ്പ് ചന്ദ്രനിലിറങ്ങാനാണ് റഷ്യയുടെ ശ്രമം. ഏകദേശം 50 വർഷത്തിന് ശേഷമാണ് റഷ്യയുടെ ലൂണ ചന്ദ്രനിലേക്ക് കുതിച്ചത്. റഷ്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ വോസ്റ്റോക്നി സ്‌പേസ് പോർട്ടിൽ നിന്നാണ് ലൂണ 25 വിക്ഷേപിച്ചത്. റഷ്യൻ ലൂണാർ ലാൻഡർ ആ​ഗസ്റ്റ് 23ന് ചന്ദ്രനിലിറങ്ങുമെന്നാണ് പ്രതീക്ഷ. ഇതേ ദിവസമാണ് ഇന്ത്യയുടെ പേടകമായ ചാന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങുക.

സോയൂസ്-2 റോക്കറ്റ് ആണ് ലൂണ 25നെ വഹിച്ചുകൊണ്ടുപോയത്. റഷ്യൻ ബഹിരാകാശ പേടകം ചന്ദ്രന്റെ സമീപത്തേക്ക് സഞ്ചരിക്കാൻ ഏകദേശം 5.5 ദിവസമെടുക്കും. ഭ്രമണപഥത്തിൽ മൂന്ന് മുതൽ ഏഴ് ദിവസം വരെ ചെലവഴിക്കും. വ്യത്യസ്ത ലാന്‍ഡിംഗ് ഏരിയകള്‍ ആസൂത്രണം ചെയ്തിരിക്കുന്നതിനാല്‍ ഇന്ത്യൻ ദൗത്യവും റഷ്യൻ ദൗത്യവും തമ്മില്‍ ഒരു ഇടപെടലും ഉണ്ടാകില്ലെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസ് ഉറപ്പുനല്‍കി. ചന്ദ്രന്റെ ആന്തരിക ഘടന, ജലസാന്നിദ്ധ്യം എന്നിവ സംബന്ധിച്ച ഗവേഷണമാണ് ലൂണ-25 ലക്ഷ്യമിടുന്നത്. ഒരു വര്‍ഷത്തോളം ഇത് ചന്ദ്രോപരിതലത്തില്‍ തുടരുമെന്നാണ് വിലയിരുത്തല്‍. ദൗത്യം വിജയിക്കുകയാണെങ്കില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യന്‍ മണ്ണില്‍ നിന്നുമുള്ള ആദ്യ ചാന്ദ്ര ലാന്‍ഡര്‍ എന്ന നേട്ടം ലൂണ 25 സ്വന്തമാക്കും.

ചന്ദ്രന്റെ ദക്ഷിണധ്രുവം ആദ്യം തൊടാനാണ് റഷ്യയും ഇന്ത്യയും ലക്ഷ്യംവെക്കുന്നത്. ചന്ദ്രനിലേക്ക് പേലോഡ് എത്തിക്കാൻ കഴിവുള്ള ഒരു രാജ്യമാണ് റഷ്യയെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് പറഞ്ഞു. ‘ചന്ദ്രനെ കുറിച്ച് പഠിക്കുക എന്നത് ലക്ഷ്യമല്ല. രണ്ട് സൂപ്പർ പവറുകളായ യുഎസും ചൈനയും തമ്മിലുള്ള രാഷ്ട്രീയ മത്സരമാണ് ലക്ഷ്യം. ബഹിരാകാശ സൂപ്പർ പവർ എന്ന പദവി അവകാശപ്പെടാൻ ആഗ്രഹിക്കുന്ന മറ്റ് നിരവധി രാജ്യങ്ങളും അതിലുണ്ട്,’ റഷ്യൻ ബഹിരാകാശ അനലിസ്റ്റായ വിറ്റാലി എഗോറോവ് പറഞ്ഞു.

റഷ്യയെ ബഹിരാകാശ സൂപ്പർ പവറാക്കാൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ കൊണ്ടുവന്ന പദ്ധതിയാണ് റോസ്‌കോസ്‌മോസ് സ്പേസ് സെന്റർ. ലോകത്ത് ഇതുവരെ മൂന്ന് രാജ്യങ്ങൾക്ക് മാത്രമാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താൻ സാധിച്ചത്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ ദൗത്യങ്ങളാണ് വിജയിച്ചിട്ടുളളത്. 2019ൽ ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 2 സോഫ്റ്റ്ലാൻഡിങിനിടെ പരാജയപ്പെട്ടിരുന്നു. ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയത് പരാജയത്തിന് കാരണമാവുകയായിരുന്നു.