വൈകാരികതയുടെ മറവിൽ രാഷ്ട്രീയ ലാഭം തേടിയുള്ള പരക്കംപാച്ചിൽ തുറന്നുകാട്ടും: ജെയ്ക് സി തോമസ്

പുതുപ്പള്ളി: ജനങ്ങളുടെ പ്രശ്ങ്ങളാണ് പ്രസക്തമെന്നും വ്യക്തി രാഷ്ട്രീയത്തിന് പങ്കില്ലെന്നും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന ജെയ്ക് സി തോമസ് റിപ്പോർട്ടറിനോട് പറഞ്ഞു. തിരഞ്ഞെടുപ്പുകൾ ഒരു വ്യക്തി പ്രശ്നമല്ല. ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ, ഇന്ത്യയും നാടും നേരിടുന്ന വെല്ലുവിളികൾ, മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ എന്നിവയാണ് തിരഞ്ഞെടുപ്പിലേറ്റവും പ്രധാന വിഷയമായി മാറേണ്ടത്.

അഞ്ച് പതിറ്റാണ്ടുകാലം നീണ്ടുനിന്ന കോൺഗ്രസ് രാഷ്ട്രീയത്തിന് ആധിപത്യമുണ്ടായപ്പോൾ പുതുപ്പള്ളിയിൽ എന്തുമുന്നേറ്റമാണുണ്ടാക്കാൻ കഴിഞ്ഞതെന്നും ജെയ്ക് ചോദിച്ചു. “എന്തു തരത്തിലാണ് ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനവർ ശ്രമിച്ചതെന്ന ചോദ്യം വന്നാൽ, അതിൽ അവർ വട്ടപ്പൂജ്യമാണെന്ന് പറയേണ്ടിവരും. വികസനം ചർച്ചചെയ്താൽ ഒരു കോൺഗ്രസ് നേതാവിനും അന്തസോടെ ജനങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയാതെ വരും. അപ്പോഴാണ് വൈകാരികതയുടെ മറവിലുള്ള രാഷ്ട്രീയ ലാഭം തേടിയുള്ള പരക്കംപാച്ചിൽ നടത്തേണ്ടതായി വരുന്നതെന്നും ജെയ്ക് പ്രതികരിച്ചു. അതിനെ ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടുമെന്നും ജെയ്ക് സി തോമസ് കൂട്ടിച്ചേർത്തു.

മണ്ഡലത്തിൽ സഹതാപ തരംഗം സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന ആരോപണം നിലനിൽക്കെ അതിനെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങളാണ് സിപിഐഎം പ്രചരണ ആയുധമാക്കാനൊരുങ്ങുന്നത്. ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

.

അതേസമയം, പതുപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാർത്ഥിയെ നാളെ തീരുമാനിക്കും. തൃശ്ശൂരിൽ ചേരുന്ന ബിജെപി കോർ കമ്മിറ്റി യോ​ഗത്തിലാണ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകുക. മൂന്ന് പേരാണ് സ്ഥാനാർത്ഥി സാധ്യതാ പട്ടികയിലുള്ളത്. ബിജെപി മേഖലാ പ്രസിഡന്റ് എൻ ഹരി, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർ‍ജ് കുര്യൻ എന്നിവരുടെ പേരുകളാണ് പാർട്ടി പരി​ഗണിക്കുന്നത്. അടുത്തിടെ പാർട്ടിയിലെത്തിയ അനിൽ ആന്റണിയെ പരി​ഗണിക്കണമെന്നും പാർട്ടിയിലെ ഒരു വിഭാ​ഗത്തിന് അഭിപ്രായമുണ്ട്.