കരുവാരക്കുണ്ടിൽ പുഴകളിൽ മലവെള്ളപ്പാച്ചിൽ; ജാഗ്രതാ നിർദ്ദേശം

പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ യാത്രചെയ്യുന്നതിന് വിലക്കുണ്ട്
കരുവാരക്കുണ്ടിൽ പുഴകളിൽ മലവെള്ളപ്പാച്ചിൽ; ജാഗ്രതാ നിർദ്ദേശം

മലപ്പുറം: ഓറഞ്ച് അലേർ‌ട്ട് പ്രഖ്യാപിച്ച മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ ശക്തം. കരുവാരക്കുണ്ടിൽ ഒലിപ്പുഴ, കല്ലൻപുഴ തുടങ്ങിയ പുഴകളിലും തോടുകളിലുമാണ് മലവെള്ള പാച്ചിൽ ഉണ്ടായിരിക്കുന്നത്. കരുവാരക്കുണ്ട് മേഖലയിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. പ്രദേശത്ത് താമസിക്കുന്നവർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞു. പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ യാത്രചെയ്യുന്നതിന് വിലക്കുണ്ട്. വെള്ളമിറങ്ങിയാൽ മാത്രമേ മറുകരയിലേക്ക് പോകാവൂ എന്നാണ് പൊലീസ് നൽകിയിരിക്കുന്ന നിർദ്ദേശം.

മഴ ശക്തമായ ഈ പ്രദേശങ്ങളിലെ ചെറിയ തോടുകളിലൂടെയും പുഴകളിലൂടെയും വെള്ളം കുത്തൊഴുക്കോടെ ഒഴുകി വരാറുണ്ട്. സമാനമായ സാ​ഹ​ചര്യമാണ് ഇപ്പോഴുമുള്ളത്. പുഴയിലൂടെ മരത്തടികളും മറ്റ് അവശിഷ്ടങ്ങളും ഒഴുകി വരുന്നുണ്ട്. ജോലിക്കും മറ്റുമായി പാലത്തിനപ്പുറത്തേക്ക് പോയവർക്ക് തിരിച്ചുവരാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.