kerala Latest News

ഇനി ആവേശത്തിരയിളക്കം; 69-ാമത് നെഹ്റു ട്രോഫി വള്ളം കളി മത്സരം ഇന്ന്

ആലപ്പുഴ: ആവേശത്തിരയിളക്കി 69-ാമത് നെഹ്റു ട്രോഫി വള്ളം കളി മത്സരം ഇന്ന്. ഉച്ചക്ക് രണ്ട് മണിയോടെ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജലമാമാങ്കം ഉദ്ഘാടനം ചെയ്യും.അഞ്ചു മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസും സതേണ്‍ എയര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരാകും. പുന്നമട കായലിൽ രാവിലെ 11 മണിയോടെ മത്സരം ആരംഭിക്കും. ഒൻപത് വിഭാഗങ്ങളിലായി 72 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫിയിൽ മത്സരിക്കുന്നത്.

മുൻ വർഷത്തെ ചാമ്പ്യന്മാരായ കാട്ടിൽ തെക്കേതിലും രണ്ടാം സ്ഥാനക്കാരായ നടുഭാഗവുമടക്കം 19 ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണത്തെ അങ്കത്തിനൊരുങ്ങുന്നത്. വെപ്പ് , ചുരുളൻ , ഇരുട്ട്കുത്തി , തെക്കനോടി തുടങ്ങിയ വിഭാഗങ്ങളിലായി ആകെ 72 കളിവള്ളങ്ങൾ ഓളപ്പരപ്പിൽ തീ പടർത്താനെത്തും. ചുരുളൻ – മൂന്ന്, ഇരുട്ടുകുത്തി എ ഗ്രേഡ് -നാല്, ഇരുട്ടുകുത്തി ബി ഗ്രേഡ് -15, ഇരുട്ടുകുത്തി സി ഗ്രേഡ് -13, വെപ്പ് എ ഗ്രേഡ് -ഏഴ്, വെപ്പ് ബി ഗ്രേഡ് -നാല്, തെക്കനോടി തറ -മൂന്ന്, തെക്കനോടി കെട്ട് – നാല് എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം. ഒരു മാസത്തെ പരിശീലനവും അവസാനവട്ട ഒരുക്കങ്ങളും പൂർത്തീകരിച്ചാണ് വിവിധ ബോട്ട് ക്ലബുകളും തുഴച്ചിലുകാരും മത്സരത്തിനായി എത്തുന്നത്.

ആദ്യം ചെറു വള്ളങ്ങളുടെ ഹീറ്റ്സാണ്. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമായിരിക്കും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക. ആദ്യ നാലു ഹീറ്റ്‌സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സില്‍ മൂന്നു വള്ളങ്ങളുമാണ് മത്സരിക്കുക. വൈകിട്ട് നാലു മണി മുതലാണ് ഫൈനൽ മത്സരങ്ങൾ. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.

വള്ളം കളികാണുന്നതിനായി പാസുള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. ഫിനിഷിങ് പോയിന്റിലേക്കുള്ള റോഡിൽ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സി- ഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പാസില്ലാതെ കയറുന്നവർക്കും വ്യാജ പാസുകളുമായി എത്തുന്നവർക്കും പാസില്ലാതെ ബോട്ടിലും മറ്റും ആളുകളെ എത്തിക്കുന്നവർക്കുമെതിരെ കർശന നടപടി ഉണ്ടാകും. വള്ളംകളി കഴിഞ്ഞ് നെഹ്റു പവലിയനിൽ നിന്ന് തിരികെ പോകുന്നവർക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ വള്ളം കളികാണാൻ ഭിന്നശേഷിക്കാരായ 50 പേർക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ചിൽഡ്രൻസ് ഹോം, സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള അന്തേവാസികൾക്ക് വള്ളം കളികാണാൻ അവസരം ഒരുക്കുന്നുണ്ട്. ഇവരെ സഹായിക്കുന്നതിനായി വളണ്ടിയർമാരും ഉണ്ടായിരിക്കുന്നതാണ്.

അതേസമയം, വള്ളം കളി കാണാനെത്തുന്നവർക്കായി കൂടുതൽ ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. അയൽ ജില്ലകളിലെ കെഎസ്ആർടിസി ഡിപ്പോകളിൽനിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകുന്നേരം തിരികെയും പ്രത്യേക സർവീസുകളുണ്ടാകും. ഇതിനു പുറമേ വള്ളംകളി കാണുന്നതിനായി കെഎസ്ആർടിസി ബജറ്റ് സെല്ലിന്റെ നേതൃത്വത്തിൽ പ്രത്യേക ടൂറിസം പാക്കേജ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ 20 ഡിവൈഎസ്പിമാർ, 50 ഇന്‍സ്പെക്ടര്‍മാർ, 465 എസ്‌ഐമാർ എന്നിവരുള്‍പ്പടെ രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ, ട്രാഫിക് ഡ്യൂട്ടിക്കായി വിന്യസിക്കും. കരയിലെ പോലെ പുന്നമട കായലിലും സുരക്ഷയ്ക്കായി 50 ബോട്ടുകളിലായി പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കും. വള്ളംകളിയോടനുബന്ധിച്ച് സുരക്ഷയുടെ ഭാഗമായി പുന്നമട ഭാഗം പൂർണമായും സിസിടിവി ക്യാമറാ നിരീക്ഷണത്തിലായിരിക്കും.

വിദേശികളടക്കമുള്ള മൂന്ന് ലക്ഷം കാണികൾ മത്സരം കാണെത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ . നെഹ്റു ട്രോഫിയുടെ ആവേശം പ്രേക്ഷകരിലേക്കെത്തിക്കാൻ റിപ്പോർട്ടർ ടി വിയും പൂർണ സജ്ജമായി കഴിഞ്ഞു. രാവിലെ ആറ് മണിമുതൽ പുന്നമടയിൽ നിന്നുള്ള പ്രത്യേക മോർണിംഗ് ഷോയോടെയാവും പരിപാടികളുടെ തുടക്കം. സമഗ്ര വാർത്ത കവറേജിനായുള്ള എല്ലാ മുന്നൊരുക്കങ്ങളും റിപ്പോർട്ടർ വാർത്ത സംഘം പൂർത്തിയാക്കിയിട്ടുണ്ട്.