നിപ മലപ്പുറത്തും ജാഗ്രതാ നിർദേശം.

കോഴിക്കോട് ജില്ലയിൽ നിപ ബാധിച്ച് 12 വയസ്സുള്ള കുട്ടി മരിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിലും അതീവ ജാഗ്രത വേണമെന്ന് മന്ത്രി
വി അബ്ദു റഹിമാൻ അറിയിച്ചു.ഡിഎംഒ
ഡോ കെ സക്കീനയുടെ അദ്ധ്യക്ഷതയിൽ ആരോഗ്യ വിദഗ്ദർ , എന്നിവരുൾപ്പെടുന്ന ജില്ലാ തല ആർആർടിയുടെ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.രോഗം റിപ്പോർട്ട് ചെയ്തത് സ്ഥലം മലപ്പുറം ജില്ലയിൽ നിന്ന് അതിവിദൂരമല്ലാത്തതിനാലും 2018 ൽ നിപ മരണം മലപ്പുറം ജില്ലയിലുമുണ്ടായതിനാലും ജനങ്ങൾ ജാഗ്രത പുലർത്തണം.

പ്രത്യേകിച്ച് കോഴിക്കോട് ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലുള്ളവർ. കോവിഡ് വ്യാപനവും കൂടിയുള്ള സാഹചര്യത്തിൽ എല്ലാവരും മുൻകരുതൽ സ്വീകരിക്കണം.നിപ രോഗത്തിന്റെ മരണനിരക്ക് താരതമ്യേന കൂടുതലാണന്നത് ജനങ്ങൾ ഗൗരവത്തിലെടുക്കണം. മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ പ്രധാന ആശുപത്രികളിലും നിപ രോഗലക്ഷണമുള്ളവർക്കായി പ്രത്യേക ഐസൊലേഷൻ വാർഡുകളും ചികിൽസാ സൗകര്യങ്ങളുമൊരുക്കാൻ മന്ത്രി നിർദേശം നൽകി.
നിപയെ പ്രതിരോധിച്ച മുൻ അനുഭവമുള്ളത് കൊണ്ട് ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു: രോഗലക്ഷണമുള്ളവർ ആശുപത്രികളിലോ ലാബിലോ എത്തിയാൽ സ്വീകരിക്കേണ്ട പ്രോട്ടോകോൾ രോഗ പകർച്ച തടയുന്നതിനുള്ള നടപടികൾ സംബന്ധിച്ചും ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകും. ജില്ലയിൽ ഏതെങ്കിലും ഭാഗത്ത് വവ്വാലുകളോ പക്ഷികളോ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടാൽ മുഗസംരക്ഷണ വകുപ്പ് അധികൃതരെ വിവരമറിയിക്കണം.

അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക,സമ്പർക്കം പരമാവധി ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക,മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുക,രോഗികളെ സന്ദർശിക്കുന്നത് ഒഴിവാക്കുക,നിസാര കാര്യങ്ങൾക്കുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാന മുൻകരുതലുകൾ. രോഗലക്ഷണമുള്ളവർ ജില്ലാ കൺട്രോൾ റൂമിലോ ആരോഗ്യ പ്രവർത്തകരുമായോ ബന്ധപ്പെടണം.കൺട്രോൾ റൂം നമ്പറുകൾ
0483 2737 857
0483 2733 251
0483 2733 252
0483 2733 253