CRIME kerala Politics

ഹര്‍ത്താല്‍; സംസ്ഥാന വ്യാപകമായി അക്രമം, നിരവധി കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ത്തു

ദേശവ്യാപകമായി നടത്തിയ റൈഡിലും ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ഹര്‍ത്താല്‍ അക്രമാസക്തമായി. കണ്ണൂരിലും ഈരാട്ടുപേട്ടയിലും കൊല്ലത്തും തിരുവനന്തപുരത്തം അക്രമ സംഭവങ്ങള്‍ അറങ്ങേറി. കണ്ണൂരില്‍ വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. മുന്‍കരുതല്‍ നടപടിയായി ഈരാറ്റുപേട്ടയില്‍ നൂറോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നിയമമനുസരിച്ച് ഒരാഴ്ച മുമ്പ് അനുമതി വാങ്ങി മാത്രമേ ഹര്‍ത്താല്‍ നടത്താന്‍ കഴിയൂ. എന്നാല്‍, ഇന്നലെ പുലര്‍ച്ച മൂന്ന് മണിയോടെ എന്‍ഐഎയും ഇഡിയും ദേശവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കന്മാരുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ റൈഡിന് പിന്നാലെ 45 ഓളം നേതാക്കളെ വിവിധ സംസ്ഥനങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ്  ഹർത്താൽ.

ഹര്‍ത്താലിനെ നേരിടാന്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളതെന്ന് പോലീസ് അവകാശപ്പെടുമ്പോഴും സംസ്ഥാനമൊട്ടുക്കും അക്രമം അഴിഞ്ഞാടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ സംസ്ഥാനത്ത് പരക്കെ അക്രമം. കണ്ണൂർ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ സമാനുകൂലികള്‍ പെട്രോൾ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്.

വളപട്ടണം പാലത്തിന് സമീപം കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിന് നേരെയും കല്ലേറുണ്ടായി. മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ഏഴരയോടെ കല്ലേറുണ്ടായത്. കോയമ്പത്തൂരിൽ ബിജെപി ഓഫീസിന് നേരെയും പെട്രോൾ ബോംബ് എറിഞ്ഞു. കോയമ്പത്തൂരിലെ ചിറ്റബുദൂർ ഏരിയയിലെ ബിജെപി ഹെഡ് ഓഫീസിന് നേരെയാണ് ഇന്നലെ രാത്രിയോടെ പെട്രോൾ ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘം ബോംബ് എറിയുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നു. ബോംബ് പൊട്ടാത്തതിനാൽ കേടുപാടുകൾ ഒന്നുമില്ല.

തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി ബോബ് നിർവ്വീര്യമാക്കി. പിന്നാലെ സ്ഥലത്തെത്തിയ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. ആക്രമികളെ പിടികൂടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇന്ന് രാവിലെയോടെ കോട്ടയം ഈരാറ്റുപേട്ടയിൽ വാഹനങ്ങൾ തടഞ്ഞ് സംഘർഷാവസ്ഥ സൃഷ്ടിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താൽ അനുകൂലികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി.

അക്രമസംഭവത്തില്‍ അഞ്ച് പിഎഫ് ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 100 ഓളം പേരെ കരുതൽ തടവിലാക്കി ഈരാറ്റുപേട്ട, പാലാ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിയെന്നും പോലീസ് അറിയിച്ചു. ഈരാറ്റുപേട്ടയിൽ രാവിലെ ഏഴുമണിയോടെ സംഘടിച്ചെത്തിയ സമരാനുകൂലികൾ നടുറോഡിലിറങ്ങി വാഹനങ്ങൾ തടയുകയും കടകളടപ്പിക്കുകയും ചെയ്തതതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്ന് പോലീസ് പറയുന്നു.

സമാനുകൂലികള്‍ പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ടായതോടെ സംഘർഷാവസ്ഥയുണ്ടായി. ഇതോടെയാണ് പൊലീസ് സംഘമെത്തി സമരാനുകൂലികളെ നീക്കാനായി ലാത്തിച്ചാർജ് നടത്തിയത്. ഈരാറ്റുപേട്ടയിൽ നഗരത്തിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു.

പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പട്രോളിംഗ് നടത്തുന്നത്. അതിനിടെ കോട്ടയത്ത് കുറിച്ചി ഔട്ട് പോസ്റ്റിലും  സമീപ പ്രദേശങ്ങളിലും എം സി റോഡിൽ കെഎസ്ആർടിസി ബസുകൾക്ക് നേരേ വ്യാപക കല്ലേറുണ്ടായി. കുറിച്ചി ഔട്ട് പോസ്റ്റ്, മന്ദിരം കവല, കാലായിപ്പടി എന്നിവിടങ്ങളിൽ കല്ലേറിൽ നിരവധി ബസുകളുടെ ചില്ലുകൾ തകർന്നു. സ്ഥലത്ത് പൊലീസ് സംഘത്തെ വിന്യസിച്ചു.

കൊല്ലത്ത് പള്ളിമുക്കിലും ഹർത്താൽ അനുകൂലി അക്രമം നടത്തി. വാഹനം തടയാനെത്തിയ സമരാനുകൂലികളെ പോലീസ് ചോദ്യം. ഇതോടെ സമരാനുകൂലികള്‍ ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ആൻറണി, സിപിഒ നിഖിൽ എന്നിവരെ ബൈക്കിടിച്ച് വീഴ്ത്തി.

പട്രോളിംഗിനിടെ സമരാനുകൂലികൾ യാത്രക്കാരെ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ, ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. പൊലീസിന്‍റെ ബൈക്കിൽ ഹർത്താലനുകൂലി ബൈക്ക് ഇടിച്ച് കയറ്റുകയും കടന്നുകളയുകയുമായിരുന്നു. ആക്രമണം നടത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞെന്ന് അറിയിച്ചു.

അതിനിടെ കൊല്ലം തട്ടാമലയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ബസിന്‍റെ ചില്ല് തകർന്നു. ഇതേ തുടര്‍ന്ന് പൊലീസ് സംരക്ഷണത്തിൽ ബസ് പ്രദേശത്ത് നിന്നും മാറ്റി. കരുനാഗപ്പള്ളിയിലും ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞു. സ്വകാര്യ വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ലോറിക്ക് നേരെയും സമരാനുകൂലികള്‍ കല്ലെറ് നടത്തി.

തലസ്ഥാനത്തും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നിടത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കാരക്കോണത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ്സിന് നേരെയാണ് ആദ്യം കല്ലേറ് ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേർ കല്ലെറിയുകയായിരുന്നുവെന്ന് ഡ്രൈവർ അറിയിച്ചു. ബസ്സിന്‍റെ മുന്നിലും പിന്നിലും കല്ലെറിഞ്ഞു.

ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല.  തിരുവനന്തപുരം കല്ലറ – മൈലമൂട് സുമതി വളവിലും കാട്ടാക്കട അഞ്ചുതെങ്ങിലും കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. അരുമാനൂരിൽ നിന്ന് പൂവാറിലേക്ക് പോയ ബസ്സിന് നേരെയാണ് ആക്രമണം ഉണ്ടായത്. തിരുവനന്തപുരം കുമരി ചന്തയിൽ സ്വകാര്യ വാഹനങ്ങൾ ആക്രമിക്കപ്പെട്ടു. ഒരു കാറും ഒരു ഓട്ടോറിക്ഷയും സമരാനുകൂലികൾ എറിഞ്ഞു തകർത്തു. എയർപോർട്ടിലേക്ക് പോയ കാറിന് നേരെയായിരുന്നു ആക്രമണം.

എൻഐഎ രൂപീകരിച്ച ശേഷം രാജ്യവ്യാപകമായി നടന്ന ഏറ്റവും വലിയ ഓപ്പറേഷന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു 150 ലധികം പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഇന്നലെ 11 സംസ്ഥാനങ്ങളില്‍ നിന്നായി എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.  ഇതില്‍ ഇതുവരെ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതില്‍ ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നത് കേരളത്തിലാണ്, 19 പേര്‍.

ഹര്‍ത്താല്‍ ദിനത്തില്‍ ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യാനാണ് നിര്‍ദ്ദേശം.

സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.  സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവര്‍ക്കാണ്.

ദേശീയ-സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ഘടകം ആരോപിച്ചത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിന്‍റെ ഭരണകൂട വേട്ടക്കെതിരെയാണ് ഇന്ന് നടക്കുന്ന ഹര്‍ത്താലെന്നാണ്  പിഎഫ്ഐ ജനറല്‍ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു.