ജോലി കിട്ടിയാല്‍ ജീവന്‍ നല്‍കുമെന്ന് നേര്‍ച്ച; അസിസ്റ്റന്‍റ് ബാങ്ക് മാനേജര്‍ ട്രെയിനിന് മുന്നില്‍ ജീവനൊടുക്കി

ആത്മഹത്യാക്കുറിപ്പില്‍ നേര്‍ച്ചയെ കുറിച്ച് എഴുതിയിട്ടുണ്ട്.ജോലി കിട്ടിയാല്‍ ജീവൻ നൽകാമെന്ന് നേർച്ച ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു. മുംബൈയിൽ ബാങ്കില്‍ അസിസ്റ്റന്റ് മാനേജറായി ജോലി ലഭിച്ചതിന് പിന്നാലെയാണ് യുവാവ് ട്രെയിനിന് മുന്നില്‍ ചാടിയത്. തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ 32കാരന്‍ നവീൻ ആണ് ആത്മഹത്യ ചെയ്തത്.

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മാതാപിതാക്കള്‍ക്കായി എഴുതിയ കുറിപ്പ് ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നാണ് കണ്ടെത്തിയത്. ജോലി കിട്ടിയാല്‍ ഈശ്വരന് ജീവന്‍ അര്‍പ്പിക്കുമെന്ന് നേര്‍ച്ചയുണ്ടായിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നു. ‘എനിക്ക് ജോലി നല്‍കിയ ഈശ്വരന് അരികിലേക്ക് ഞാന്‍ പോവുകയാണ്’. എന്നാണ് എഴുതിയിരുന്നത്.

എഞ്ചിനീയറിങ് ബിരുദധാരിയായ നവീന്‍ വര്‍ഷങ്ങളായി ഒരു ജോലിക്കായി ശ്രമിക്കുകയായിരുന്നു. ജോലിയില്ലാതിരുന്നതിനാല്‍ കഠിനമായ നിരാശയിലായിരുന്നു. ഒക്ടോബര്‍ ആദ്യ വാരമാണ് മുംബൈയിലെ ബാങ്കില്‍ അസിസ്റ്റന്‍റ് മാനേജരായി നവീന് ജോലി ലഭിച്ചത്. ജോലിയില്‍ പ്രവേശിച്ച ശേഷം നവീന്‍ മുംബൈയില്‍ നിന്നും നാട്ടിലേക്ക് പോകാനായി തിരുവനന്തപുരത്തെത്തി. നാഗര്‍കോവിലേക്കുള്ള ബസില്‍ കയറിയ നവീന്‍ പുത്തേരിയിലെ റെയില്‍വേ ട്രാക്കിലേക്ക് പോവുകയായിരുന്നു.

ശനിയാഴ്ച രാവിലെയാണ് പുത്തേരിയിലെ റെയില്‍ പാളത്തില്‍ മൃതദേഹം കണ്ടത്. തിരിച്ചറിയല്‍ രേഖകളും കുറിപ്പുമുണ്ടായിരുന്നതിനാല്‍ ആളെ ഉടന്‍ തിരിച്ചറിയാനായി. മൃതദേഹം കന്യാകുമാരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും