കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി മണിക്കൂറുകള്‍; 65 മണിക്കൂറിന് ശേഷം മൂന്നുവയസുകാരിയെ രക്ഷപ്പെടുത്തി

കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിനിടെയാണ് ഇസ്താംബൂള്‍ അഗ്‌നിശമന സേനാ അംഗം മുഅമ്മര്‍ സെലിക്കാണ് ബാലികയെ കണ്ടെത്തിയത്.

ലോകത്തെ തന്നെ നടുക്കിയ ഭൂചലനമായിരുന്നു തുര്‍ക്കിയിലേത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തുർക്കിയെ പിടിച്ചുലച്ച് വന്‍ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂചലനത്തിൽ 91 പേർക്കാണ് ജീവൻ നഷ്ടമായത്. തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടുപോയ നിരവധി പേരെ രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു. ദുരന്തത്തില്‍ നിന്നും ഒരു മൂന്നു വയസുകാരിയും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയ മൂന്ന് വയസ്സുകാരിയെ 65 മണിക്കൂറിനുശേഷമാണ് രക്ഷപ്പെടുത്തിയത്.

കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിനിടെയാണ് ഇസ്താംബൂള്‍ അഗ്‌നിശമന സേനാ അംഗം മുഅമ്മര്‍ സെലിക്കാണ് ബാലികയെ കണ്ടെത്തിയത്. എലിഫ് പെരിൻസ്ക് ആണ് രക്ഷപ്പെട്ട ആ പെണ്‍കുട്ടി. തീരദേശ നഗരമായ ബെയ്രാക്കിലിയില്‍ നിന്നാണ് എലിഫിനെ രക്ഷപ്പെടുത്തിയത്. മൃതദേഹമാണെന്ന് വിചാരിച്ച് ബോഡി ബാഗ് അന്വേഷിച്ചപ്പോഴാണ് എലിഫിന്‍റെ കുഞ്ഞുവിരലുകള്‍ അഗ്നിശമന സേനാംഗത്തിന്‍റെ കയ്യില്‍ പതിഞ്ഞത്. വീണ്ടും എലിഫിനെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും തന്‍റെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിച്ചുവെന്നും മുത്തശ്ശി ടി.ആര്‍.ടി ചാനലിനോട് പറഞ്ഞു.

ബെയ്രാക്കിലിയില്‍ നിന്നും രക്ഷപ്പെടുത്തുന്ന 106ാമത്തെ ആളാണ് എലിഫ്. നേരത്തെ എലിഫിന്‍റെ അമ്മയെയും മൂന്ന് സഹോദരങ്ങളെയും രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ ഒരു സഹോദരനെ രക്ഷപ്പെടുത്താനായില്ല. ഭൂകമ്പം ഉണ്ടായതിന് 58 മണിക്കൂറിനുശേഷം ബെയ്‌രാക്ലിയിൽ 14 കാരനായ ഇഡിൽ സിറിനെ രക്ഷപ്പെടുത്തിയതായും തുർക്കിയിലെയും ഗ്രീസിലെയും കെട്ടിടങ്ങൾ നിരപ്പാക്കിയതായും തുര്‍ക്കിഷ് അടിയന്തര വിഭാഗമായ റിപ്പോര്‍ട്ട് ചെയ്തു.

ഇരുനൂറിലധികം പേര്‍ ചികിത്സയിലാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും എന്‍വയോണ്‍മെന്‍റ് മിനിസ്റ്റര്‍ മുറാത്ത് കുറും പറഞ്ഞു. പതിനായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള ഗ്രീക്ക് ദ്വീപായ സമോസിലെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ രണ്ട് കൌമാരക്കാരും കൊല്ലപ്പെട്ടു. ആയിരക്കണക്കിനാളുകള്‍ക്കാണ് വീടുകള്‍ നഷ്ടപ്പെട്ടത്. പലരും ഭൂചലനത്തിന്‍റെ ഞെട്ടലില്‍ ഇനിയും മുക്തരായിട്ടില്ല.