സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണം

കേരളത്തിൽ സിബിഐക്ക് നിയന്ത്രണമേർപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. എക്‌സിക്യൂട്ടിവ് ഓർഡറിലൂടെ ഉടൻ തന്നെ ഇത് നടപ്പാക്കും.

സിബിഐക്ക് നൽകിയ പൊതു സമ്മതം പിൻവലിക്കാൻ നേരത്തെ തന്നെ സർക്കാർ ആലോചിച്ചിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ആവശ്യപ്പെടാതെയും ഹൈക്കോടതി നിർദേശമില്ലാതെയും കോൺഗ്രസ് എംഎൽഎ അനിൽ അക്കരെയുടെ പരാതി പ്രകാരം സിബിഐ അന്വേഷണം തുടങ്ങുകയും, ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇത് സർക്കാരിനെ ചൊടിപ്പിച്ചിരുന്നു.

ഇത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടിയിരുന്നു. സിബിഐക്ക് വിലക്കേർപ്പെടുത്താമെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. അങ്ങനെയാണ് 2017ൽ നൽകി പൊതുസമ്മതം പിൻവലിക്കാൻ സർക്കാർ തീരുമാനിക്കുന്നത്.
എന്നാൽ നിലവിലെ അന്വേഷണത്തെ ഇത് ബാധിക്കില്ല. ഭാവിയിലും സർക്കാർ നിർദേശപ്രകാരമോ, ഹൈക്കോടതി നിർദേശ പ്രകാരമോ സിബിഐ അന്വേഷണം നടത്താം.