വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ പോസ്റ്റുമോർട്ടം വൈകുന്നു

വയനാട് പടിഞ്ഞാറത്തറയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ പോസ്റ്റുമോർട്ടം വൈകുന്നു. ബന്ധുക്കളെത്തിയ ശേഷം മാത്രമേ പോസ്റ്റുമോർട്ടം നടത്തു എന്നാണ് പൊലീസ് നിലപാട്. വേൽമുരുകന്റെ മൃതദേഹം കാണാൻ ബന്ധുക്കൾക്ക് അനുമതി നൽകിയിരുന്നു.

അതേസമയം, ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ട് വിവിധ സംഘങ്ങളായി തിരച്ചിൽ നടത്തുകയാണ്. ബാലിസ്റ്റിക്ക് സംഘം സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഏറ്റുമുട്ടലിനിടെ പരുക്കേറ്റെന്ന് കരുതപ്പെടുന്ന മാവോയിസ്റ്റ് കേഡർ വനത്തിൽ തന്നെയുണ്ടെന്നാണ് തണ്ടർബോൾട്ട് നിഗമനം.

അതിനിടെ മൃതദേഹം കാണാനെത്തിയ ടി സിദ്ധിഖിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ബന്ധുക്കളെത്തിയ ശേഷം വീണ്ടും മടങ്ങിയെത്തുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.