ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത. സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. എ, ഐ ഗ്രൂപ്പുകള്‍ ഇക്കാര്യം ആവശ്യപ്പെടും. മുല്ലപ്പള്ളിക്ക് നിയമസഭാ സീറ്റു നല്‍കിയുള്ള ഫോര്‍മുലയാണ് ആലോചിക്കുന്നത്.
നാളെ ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി നടക്കുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
മുല്ലപ്പള്ളിയെ നിലനിര്‍ത്തി ഡിസിസി അധ്യക്ഷന്‍മാരെ മാറ്റുന്നതും ആലോചനയിലുണ്ട്. ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് ചെയര്‍മാനാക്കണമെന്ന ആവശ്യമാണ് പ്രധാനപ്പെട്ട മറ്റൊന്ന്. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പരാജയ വിലയിരുത്തല്‍ ചര്‍ച്ചകളില്‍ സംസ്ഥാന നേതൃതല മാറ്റം വേണ്ടെന്നായിരുന്നു നേതാക്കള്‍ക്കിടയിലെ ധാരണ.
എന്നാല്‍ പാര്‍ട്ടിയില്‍ മാറ്റമുണ്ടാക്കി എന്ന കൃത്യമായ സൂചന അണികള്‍ക്ക് നല്‍കുന്ന മാറ്റമാണ് വേണ്ടതെന്ന ആവശ്യം ശക്തമായി. ഇതെടെയാണ് കെ.പി.സി.സി തലപ്പത്ത് അഴിച്ചുപണിക്ക് സാധ്യതയുണ്ടായത്. മത്സരിക്കുന്നതിനാല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുന്നു എന്ന പ്രതീതി വരുത്താമെന്നാണ് ഒരഭിപ്രായം. ഇതല്ലെങ്കില്‍ ഡി.സി.സി അധ്യക്ഷന്‍മാരെ മാറ്റി മുല്ലപ്പള്ളിയെ നിലിര്‍ത്തുക എന്ന ഫോര്‍മുലയും പരിഗണിക്കുന്നുണ്ട്.
ഉമ്മന്‍ ചാണ്ടിയെ നേതൃസ്ഥാനത്ത് കൊണ്ടു വരണമെന്ന ആവശ്യം ഘടകകക്ഷികള്‍ അടക്കം ആവശ്യമുന്നയിച്ചത് ദേശീയ നേതൃത്വത്തിന്റെ മുന്നിലുണ്ട്.