സെക്രട്ടേറിയേറ്റിൽ സ്ഥാനക്കയറ്റത്തിന് ഇനി മുതൽ ജോലി മികവും കണക്കിലെടുക്കും

സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ ഇനി സ്ഥാനക്കയറ്റത്തിന് സർവീസ് മാത്രം പോരാ. ജോലി മികവും കണക്കിലെടുക്കും. ഇതു സംബന്ധിച്ച സമിതി റിപ്പോർട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. സർവീസ് സംഘടനകളുടെ എതിർപ്പ് മറികടന്നാണ് സർക്കാർ തീരുമാനം.

ഭരണ സംവിധാനം അടിമുടി നവീകരിക്കാനാണ് സർക്കാർ നീക്കം. സർവീസ് അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം എന്ന കീഴ്വഴക്കം സെക്രട്ടറിയേറ്റിൽ മാറുകയാണ്. കഴിവും കാര്യപ്രാപ്തിയും ഇനി സ്ഥാനക്കയറ്റത്തിന് കണക്കാക്കും.

അസിസ്റ്റന്റ് തസ്തികയിൽ നിയമനം നേടിയവർ സ്‌പെഷ്യൽ സെക്രട്ടറി വരെയുള്ള സ്ഥാനക്കയറ്റത്തിന് രണ്ടു തട്ടിൽ മത്സരപ്പരീക്ഷ നേരിടേണ്ടി വരും. കീഴ്ജീവനക്കാർക്ക് തസ്തികമാറ്റത്തിനും പിഎസ്‌സി പരീക്ഷ പാസാകണം.

സർവീസ് സംഘടനകളുടെ എതിർപ്പ് തള്ളിയാണ് മന്ത്രിസഭാ തീരുമാനം. പൊതു ഭരണ വകുപ്പ് അഡീ. സെക്രട്ടറിമാരായ രഞ്ജിത് കുമാർ, ഷൈൻ എ ഹഖ്, സി അജയൻ, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലെ നാസറുദ്ദീൻ, സന്തോഷ് കുമാർ എന്നിവരാണ് റിപ്പോർട്ട് തയാറാക്കിയത്. ഇവരെ ഭരണകക്ഷി സംഘടന പുറത്താക്കിയതും മുട്ടുകാൽ തല്ലിയൊടിക്കുമെന്നു പറഞ്ഞതും വിവാദമായിരുന്നു.

റിപ്പോർട്ട് തയാറാക്കാൻ നിർദേശിച്ച പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ അധിക്ഷേപിച്ച് നോട്ടീസിറക്കിയതും വിവാദമായി. ഇ ഓഫീസ് നടപ്പാക്കിയതോടെ അധികം വരുന്ന ജീവനക്കാരെ വിവിധ വകുപ്പുകളിൽ പുനർവിന്യസിക്കും.