എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തിയെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ. മഹസർ രേഖയിൽ ഒപ്പിടാൻ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. എന്തോ ഒരു കാർഡ് കൊണ്ട് വന്ന് ഇവിടെ നിന്ന് കണ്ടെടുത്തതാണെന്ന് അധികൃതർ പറഞ്ഞുവെന്നും അതിൽ ഒപ്പിടണമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യ പറഞ്ഞു. എന്നാൽ അങ്ങനെ ഒപ്പിടാൻ കഴിയില്ലെന്നാണ് ഭാര്യ റെനീറ്റ നിലപാടെടുത്തത്.
ഇന്നാലെ രാവിലെ തുടങ്ങിയ റെയ്ഡ് ഇന്നലെ രാത്രി 11.30ക്ക് അവസാനിച്ചുവെന്ന് ഭാര്യയുടെ അമ്മ പറഞ്ഞു. ഇ.ഡി അധികൃതർ തങ്ങളെ മാനസികമായി പീഡിപ്പിച്ചുവെന്നും റെനീറ്റ കൂട്ടിച്ചേർത്തു. അമ്മയെയും മക്കളെയും രണ്ട് മുറികളിലായാണ് പൂട്ടിയിട്ടതെന്നും ഇവർ ആരോപിച്ചു.
അതേസമയം, ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് 24 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. ബിനീഷിന്റെ കുടുംബത്തെ അനധികൃത കസ്റ്റഡിയിൽ വച്ചിരിക്കുകയാണ് എന്ന പരാതിയിൽ ബന്ധുക്കൾ കോടതിയെ സമീപിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡീഷണൽ സി.ജെ.എം കോടതിയിലാണ് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്.
എന്നാൽ ബിനീഷിന്റെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. നടപടി പൂർത്തിയാക്കാൻ തടസം നിൽക്കുന്നുവെന്നും ഇ.ഡി പറയുന്നു.