എട്ട് മാസത്തെ ഇടവേളക്ക് ശേഷം ഉംറ തീര്‍ഥാടകര്‍ കഅബയുടെ മുറ്റത്ത് സുജൂദ് ചെയ്തു

സുരക്ഷ വർധിപ്പിച്ചതിന്‍റെ ഭാഗമായി ഹറമിനകത്തേക്ക് ബാഗുകളും മൂർച്ചയുള്ള വസ്തുക്കളും അനുവദിക്കില്ല. നിലവിൽ ഇരുപതിനായിരം തീർത്ഥാടകരാണ് പ്രതിദിനം ഉംറക്കെത്തുന്നത്.

മക്കയിലെത്തിയ വിദേശി തീർഥാടകർ ക്വാറന്‍റൈൻ പൂർത്തിയാക്കി ഉംറ നിർവഹിച്ചു. സുരക്ഷ വർധിപ്പിച്ചതിൻറെ ഭാഗമായി ഹറമിനകത്തേക്ക് ബാഗുകളും മൂർച്ചയുള്ള വസ്തുക്കളും അനുവദിക്കില്ല. നിലവിൽ ഇരുപതിനായിരം തീർത്ഥാടകരാണ് പ്രതിദിനം ഉംറക്കെത്തുന്നത്

ഞായറാഴ്ച മുതലാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടകർ വീണ്ടും മക്കയിലെത്തി തുടങ്ങിയത്. എട്ട് മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും കഅബയുടെ മുറ്റത്ത് ഇവർ സുജൂദ് ചെയ്തു. പാക്കിസ്ഥാനിൽ നിന്നും, ഇന്തോനേഷ്യിൽ നിന്നുമായെത്തിയ തീർത്ഥാടക സംഘം മൂന്ന് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷമാണ് ഉംറക്കായി ഹറം പള്ളിയിലെത്തിയത്. തൻഈം മീഖാത്തിൽ നിന്നും ഇഹ്‌റാമിൽ പ്രവേശിച്ച തീർത്ഥാടകർ ചെറു സംഘങ്ങളായി ഹറമിലേക്ക് നീങ്ങി. ആറ് ബാച്ചുകളിലായി 20,000 പേർക്ക് ഓരോ ദിവസവും ഉംറ ചെയ്യാൻ അനുമതി നൽകുന്നുണ്ട്. കൂടുതൽ തീർത്ഥാടകരെത്തി തുടങ്ങിയതോടെ മക്കയിലെ ഹറം പള്ളിയിൽ ആരോഗ്യ സുരക്ഷാ നടപടികൾ കർശനമാക്കി.

ഹറമിന്‍റെ 13 പ്രവേശന കവാടങ്ങൾ ഉംറ തീർത്ഥാടകർക്ക് മാത്രമായും, 19 എണ്ണം മറ്റ് ആരാധനക്കെത്തുന്നവർക്കുമായി നിജപ്പെടുത്തിയിട്ടുണ്ട്. ബാഗുകൾ, ഭക്ഷണങ്ങൾ, മൂർച്ചയുള്ള ഉപകരണങ്ങൾ എന്നിവ ഹറമിനകത്തേക്ക് പ്രവേശിപ്പിക്കില്ല. ഇത് പരിശോധിക്കുന്നതിനായി 150 ഓളം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. മദീനയിലും വിദേശ ഉംറ തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. കോവിഡ് പശ്ചാതലത്തിൽ അടച്ചിട്ടിരുന്ന മദീനയിലെ ഖുബാ മസ്ജിദിലും ഇപ്പോൾ വിശ്വാസികൾക്ക് പ്രാർത്ഥനക്ക് അനുമതി നൽകുന്നുണ്ട്. പ്രഭാത നമസ്‌കാരത്തിന് ഒരു മണിക്കൂർ മുമ്പ് തുറക്കുന്ന ഖുബാ പള്ളി, ഇശാ നമസ്‌കാരാന്തരം അടക്കും.