ഒടുവിൽ തുംബർ​ഗും ട്രോളി ”ചിൽ ട്രംപ്, ചിൽ”

മില്യൻ ലെെക്കും റീട്വീറ്റുമാണ് തുംബർ​ഗിന്റെ തിരിച്ചടി ട്വീറ്റിന് ലഭിച്ചത്.

ട്രംപും പതിനേഴ് വയസുകാരി ഗ്രേറ്റ തുംബര്‍ഗും തമ്മിലെ വാക്പോര് കുപ്രസിദ്ധമാണ്. ഏറ്റൊവുമൊടുവിലായി പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ സമനില കെെവിട്ട ഡൊണാൾഡ് ട്രംപിനെ ട്രോളിയാണ് ​ഗ്രേറ്റ തുംബർ​ഗ് രംഗത്തെത്തിയത്. മാസങ്ങൾക്ക് മുൻപ് തന്നെ പരിഹസിക്കാൻ ട്രംപ് ഉപയോ​ഗിച്ച അതേ വാക്കുകൾ ഉപയോ​ഗിച്ചാണ് കൊച്ചു പരിസ്ഥിതി പ്രവർത്തക തിരിച്ചടിച്ചത്.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കള്ളത്തരം കാണിച്ചെന്ന് ആരോപിച്ച് വോട്ടെണ്ണൽ നിർത്തിവെക്കണമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായി ‘ചിൽ ട്രംപ്, ചിൽ.. ട്രംപ് ദേഷ്യം നിയന്ത്രിക്കാൻ പരിശീലിക്കണമെന്നും സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാൻ പോകണ’മെന്നുമാണ് ​ഗ്രേറ്റ ട്വീറ്റ് ചെയ്തത്

മാസങ്ങള്‍ക്ക് മുന്‍പ് ടെെം മാ​ഗസിന്റെ പേഴ്സൺ ഓഫ് ദ ഇയറായി ​ഗ്രേറ്റ തുംബർ​ഗിനെ തെരഞ്ഞെടുത്തതിനെ തുടർന്നായിരുന്നു ട്രംപിന്റെ സമാന പരിഹാസം വന്നത്. ചിൽ ​ഗ്രേറ്റ ചിൽ എന്ന അമേരിക്കൻ പ്രസിഡന്റിന്റെ ട്വീറ്റ് വലിയ ചർച്ചക്കാണ് അന്ന് വഴിവെച്ചത്. മാസങ്ങൾക്കിപ്പുറം അതേ പണി ട്രംപിനിട്ട് കിട്ടിയപ്പോൾ അത് സോഷ്യൽ മീഡിയ ഏറ്റെടുത്തു. മില്യൻ ലെെക്കും റീട്വീറ്റുമാണ് തുംബർ​ഗിന്റെ തിരിച്ചടി ട്വീറ്റിന് ലഭിച്ചത്.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഡെമോക്രാറ്റുകൾക്കനുകൂലമായി വോട്ടുകൾ മറിചെന്നായിരുന്നു ട്രംപിന്റ കണ്ടെത്തൽ. എന്നാൽ ഇതിന് തെളിവ് ഹാജരാക്കാൻ ട്രംപിന് ഇത് വരെ കഴിഞ്ഞില്ല.