ഭഗവാന്‍ മുരുകന്‍ വിളിച്ചു, സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് വെട്രിവേല്‍ യാത്രയുമായി മുന്നോട്ട് പോകുമെന്ന് തമിഴ്നാട് ബിജെപി

വെട്രിവേല്‍ യാത്രക്ക് ഭഗവാന്‍ മുരുകന്‍ അനുവാദം തന്നുകഴിഞ്ഞു. അതുകൊണ്ടു തന്നെ യാത്രയുമായി മുന്നോട്ടുപോകുകയാണെന്നും മുരുഗന്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് വെട്രിവേല്‍ യാത്രയുമായി മുന്നോട്ട് പോകാന്‍ തമിഴ്‌നാട് ബിജെപി. ഇത് ഭരണഘടനാപരമായ അവകാശമാണ്. എല്ലാവര്‍ക്കും ആരാധനക്ക് അവകാശമുണ്ട്. അതുകൊണ്ടു തന്നെ യാത്ര നടത്തുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് എല്‍ മുരുഗന്‍ പറഞ്ഞു.

വെട്രിവേല്‍ യാത്രക്ക് ഭഗവാന്‍ മുരുകന്‍ അനുവാദം തന്നുകഴിഞ്ഞു. അതുകൊണ്ടു തന്നെ യാത്രയുമായി മുന്നോട്ടുപോകുകയാണെന്നും മുരുഗന്‍ അറിയിച്ചു. ഇന്നു മുതല്‍ ഡിസംബര്‍ ആറു വരെ നീളുന്ന ഒരു മാസത്തെ യാത്ര നടത്താനാണ് ബിജെപി പദ്ധതി. തിരുത്തണി മുതല്‍ തിരുച്ചന്തൂര്‍ വരെയാണ് യാത്ര നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്.

എന്നാല്‍ യാത്രക്ക് അനുമതി നല്‍കുന്നത് സംസ്ഥാനത്ത് വര്‍ഗീയ കലാപത്തിന് വഴിവെക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബിജെപി സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വെട്രിവേല്‍ യാത്രക്ക് അനുമതി നിഷേധിക്കുകയായിരുന്നു. യാത്ര നടത്തിയാല്‍ രണ്ടാം കോവിഡ് വ്യാപനമാകും തമിഴ്‌നാട്ടില്‍ ഉണ്ടാകുക എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യാത്രക്ക് അനുമതി നിഷേധിച്ചത്.

യാത്രക്ക് അനുമതി നിഷേധിച്ചതിനെതിരെ കഴിഞ്ഞദിവസം ബിജെപി നേതാവ് എച്ച് രാജ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് സ്‌കൂളുകളെല്ലാം തുറന്നു. എന്നാല്‍ ബി.ജെ.പിയുടെ റാലിക്ക് മാത്രം അനുമതി നിഷേധിച്ചു. റാലി നടത്തിയാല്‍ കോവിഡ് രണ്ടാം വ്യാപനം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വാദമെന്നും യാത്രക്ക് അനുമതി നല്‍കിയില്ലെങ്കില്‍ സമരം നടത്തുമെന്നും എച്ച് രാജ അഭിപ്രായപ്പെട്ടിരുന്നു.