സംസ്ഥാനത്ത് ആനക്കള്ളക്കടത്ത് തുടരുന്നത് വ്യാജ രേഖകളുപയോഗിച്ചാണെന്ന് തെളിയുന്നു

കേസിലെ മുഖ്യപ്രതി ഷാജി ബിഹാറില്‍ നിന്ന് കേരളത്തിലേക്ക് ആനകളെ എത്തിച്ചത് വ്യാജ മൈക്രോ ചിപ് നമ്പറടക്കം ഉപയോഗിച്ചാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.

 

സംസ്ഥാനത്ത് ആനക്കള്ളക്കടത്ത് തുടരുന്നത് വ്യാജ രേഖകളുപയോഗിച്ചാണെന്ന് തെളിയുന്നു. കേസിലെ മുഖ്യപ്രതി ഷാജി ബിഹാറില്‍ നിന്ന് കേരളത്തിലേക്ക് ആനകളെ എത്തിച്ചത് വ്യാജ മൈക്രോ ചിപ് നമ്പറടക്കം ഉപയോഗിച്ചാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.

ആനക്കടത്തിന് വ്യാജ രേഖകള്‍ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് ബിഹാർ ചീഫ് വൈല്‍ഡ് ലൈഫ് വാർഡന്‍ സംസ്ഥാനത്തിന് കൈമാറിയ റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. ആനക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി കൊല്ലം പുത്തന്‍കുളം

സ്വദേശി ഷാജി തന്‍റെ കൈവശമുള്ള മോദി എന്ന ആനയെ കുറിച്ച് നടത്തിയ ഈ വെളിപ്പെടുത്തലാണ് ഷാജിക്ക് തന്നെ കുരുക്കായി മാറുന്നത്. ആനക്കള്ളക്കടത്ത് അന്വേഷണത്തിന്‍റെ ഭാഗമായി ഷാജിയുടെ കൈവശമുള്ള ആനകളെ കുറിച്ചടക്കം സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബിഹാര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് ബിഹാര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയ മറുപടിയാണ് ആനക്കള്ളക്കടത്തിന്‍റെ അടിവേരുകള്‍ പുറത്ത് കൊണ്ടുവന്നത്.

ബിഹാറിലെ ഖാലിംപുര ഗ്രാമത്തിലെ അഖ്തറിന് 2007ല്‍ ഉടമ സ്ഥാവകാശം ലഭിച്ച ആനയാണ് ഷാജിയുടെ കൈവശമുള്ള മോദി എന്ന ആന. ബിഹാറില്‍ ആനയുടെ മൈക്രോ ചിപ് നമ്പര്‍ ഇതാണ്. ഇത് ഷാജിയുടെ കൈവശമെത്തിയപ്പോള്‍ മൈക്രോ ചിപ് നമ്പര്‍ മാറിയതിങ്ങനെ. മോദി നിലവില്‍ വനം വകുപ്പിന്‍റെ കസ്റ്റഡിയിലാണ്. ഷാജിയുടെ കൈവശമുള്ള പ്രസാദ് എന്ന ആനയ്ക്കും വ്യാജ മൈക്രോ ചിപ് നമ്പറാണ് ഉപയോഗിച്ചിരിക്കുന്നത്.

ബിഹാറില്‍ ശൈലന്ദ്രകുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലായിരുന്ന ഈ ആനയുടെ യഥാര്‍ത്ഥ മൈക്രോ ചിപ് നമ്പര്‍ ബിഹാര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സംസ്ഥാനത്തിന് കൈമാറി. വ്യാജ രേഖകളുണ്ടാക്കിയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ബിഹാര്‍ വനം വകുപ്പ് കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആനക്കടത്തിന് പ്രതികള്‍ വ്യാജ രേഖകള്‍ ഉപയോഗിച്ചതായി കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെ സംസ്ഥാനത്ത് അനധികൃതമായി എത്തിച്ച ആനകളുടെ പൂര്‍ണ്ണ വിവരശേഖരണം നടത്താനും വനം വകുപ്പ് ആലോചിക്കുന്നുണ്ട്.