നിലച്ചുപോകാത്ത നന്മ മഹറായി ചോദിച്ച് സഫ

എന്നെന്നും നിലനിൽക്കുന്ന സൽകർമം ചെയ്യാനാണ് കോതമംഗലം പീസ് വാലിയുമായി ബന്ധപ്പെട്ട് ഫിസിയോതെറാപ്പി ഉപകരണങ്ങള്‍ നല്‍കിയത്.

മുസ്‌ലിം വിവാഹങ്ങളിൽ വധുവിന്റെ അവകാശമാണ് മഹർ അഥവാ വിവാഹമൂല്യം. ആഭരണങ്ങൾ നൽകുന്ന പതിവിൽ നിന്ന് മാറി വേറിട്ട മാതൃകയായിരിക്കുകയാണ് ദുബൈയിൽ എഞ്ചിനീയറായ ആലുവ തായിക്കാട്ടുകര സ്വദേശി അജാസ് മുഹമ്മദും വധു സഫ ഫസലും.

നിലച്ചു പോവാത്ത സൽകർമം, വിശുദ്ധ ഖുർആൻ പരിഭാഷ, പ്രാർത്ഥനക്കുള്ള വസ്ത്രം എന്നിവയാണ് മഹറായി സഫ ചോദിച്ചത്. സഫയുടെ ആവശ്യത്തിന് അജാസിനും കുടുംബത്തിനും നൂറു ശതമാനം യോജിപ്പായിരുന്നു. എന്നെന്നും നിലനിൽക്കുന്ന സൽകർമം ചെയ്യാനാണ് കോതമംഗലം പീസ് വാലിയുമായി ബന്ധപ്പെടുകയും പീസ് വാലിയിലെ നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള ചികിത്സ-പുനരധിവാസ കേന്ദ്രത്തിലേക്ക് ആവശ്യമായ അൺവെയിങ് സിസ്റ്റം വാങ്ങി നൽകാനുള്ള തീരുമാനിക്കുകയും ചെയ്തു.

ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്ന മുവാറ്റുപുഴ സ്വദേശി ഫസൽ – സാജിത ദമ്പതികളുടെ മകളാണ് സഫ. ദുബൈയിൽ പ്രവാസികളായ ആലുവ സ്വദേശി മുഹമ്മദ്‌ കുഞ്ഞ് – ആരിഫ ദമ്പതികളുടെ മകനാണ് അജാസ്. ദുബൈയിലെ ശരീഅഃത്ത് കോടതിയിൽ ശനിയാഴ്ചയായിരുന്നു വിവാഹം.

നട്ടെല്ലിന് പരിക്കേറ്റവർക്കും പക്ഷഘാതം ബാധിച്ചവർക്കും ചികിത്സയുടെ ഭാഗമായി പരസഹായമില്ലാതെ നടക്കാൻ പരിശീലിപ്പിക്കുന്ന ഉപകാരണമാണ് അൺവെയിങ് സിസ്റ്റം. ഒരു ലക്ഷം രൂപയോളമാണ് ഇതിന്റെ ചിലവ്. ഇതോടൊപ്പം ചേർക്കാനുള്ള റീഹാബ് ട്രെഡ്മിൽ മരണപ്പെട്ട പിതാവിന്റെ ഓർമ്മക്കായി കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ എം ടെക് വിദ്യാർഥിനിയായ കരുമാലൂർ സ്വദേശി നസ്‌ല ലത്തീഫ് വാങ്ങി നൽകി. തനിക്ക് ലഭിക്കുന്ന സ്റ്റൈപ്പെന്റിൽ നിന്നും സ്വരൂപിച്ച തുകയാണ് നസ്‌ല പീസ് വാലിക്ക് നൽകിയത്.

കോതമംഗലം നെല്ലികുഴിയിൽ പത്തേക്കർ സ്ഥലത്താണ് പീസ് വാലി പ്രവർത്തിക്കുന്നത്. നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള ചികിത്സ പുനരധിവാസ കേന്ദ്രത്തിൽ ആയിരത്തോളം പേരാണ് നിലവിൽ പ്രവേശനത്തിനായി കാത്തിരിക്കുന്നത്. സാമൂഹിക -മാനസിക പുനരധിവാസ കേന്ദ്രം, ഡയാലിസിസ് കേന്ദ്രം, സാന്ത്വന പരിചരണ കേന്ദ്രം, സഞ്ചരിക്കുന്ന ആശുപത്രി എന്നിവയാണ് പൂർണമായും സൗജന്യമായി പ്രവർത്തിക്കുന്ന പീസ് വാലിയുടെ വിവിധ പ്രവർത്തനങ്ങൾ.