യുഎസ് കമ്പനി വികസിപ്പിച്ച കൊവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന് വിലയിരുത്തൽ

അമേരിക്കൻ കമ്പനി വികസിപ്പിച്ച കൊവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന് വിലയിരുത്തൽ. അമേരിക്കൻ കമ്പനിയായ ഫിസർ വികസിപ്പിച്ച വാക്‌സിൻ രോഗപ്രതിരോധത്തിൽ 90 ശതമാനവും കാര്യക്ഷമമെന്നാണ് സ്വതന്ത്രസമിതി വിലയിരുത്തിയത്. ഈ മാസം അവസാനം പരീക്ഷം പൂർത്തിയാകുന്നതോടെ ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ അനുമതിക്കായി അപേക്ഷിക്കും.

ജർമൻ കമ്പനിയായ ബയോൺടെകുമായി ചേർന്നാണ് ഫിസറിന്റെ കൊവിഡ് വാക്‌സിൻ പരീക്ഷണം. ഇന്ത്യയിൽ ഈ വാക്‌സിൻ പരീക്ഷിക്കുന്നില്ല. ഇന്ത്യയിൽ പരീക്ഷിച്ച് വിജയമുറപ്പിക്കുന്ന വാക്‌സിൻ മാത്രമേ ഇവിടെ വിതരണം ചെയ്യാവൂ എന്നാണ് ചട്ടം. ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ അനുമതി നൽകിയാൽ ഈ വർഷം അവസാനം തന്നെ 22 ലക്ഷത്തോളം പേർക്ക് വാക്‌സിൻ ലഭ്യമാകുമെന്നാണ് കരുതുന്നത്.

അമേരിക്കയിൽ 16നും 85നും ഇടയിലുള്ളവർക്ക് വാക്സിൻ കുത്തിവയ്ക്കാൻ ഫിസർ അനുമതി ചോദിക്കുന്നുണ്ട്. അതിനായി 44000 പേരിൽ മരുന്ന് ഉപയോഗിച്ചതിന്റെ ഫലം അധികൃതരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.