ബിഹാറില്‍ സർക്കാർ രൂപീകരണത്തിനുള്ള സാധ്യതകള്‍ തേടി മഹാസഖ്യം

തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാം ദിവസമായിട്ടും കടുംപിടിത്തങ്ങളില്‍ തട്ടി നില്‍ക്കുകയാണ് 125 സീറ്റ് നേടിയ എന്‍.ഡി.എയുടെ സർക്കാർ രൂപീകരണ ചർച്ചകള്‍.

ബീഹാറിൽ മുഖ്യമന്ത്രി പദം ഏറ്റെടുക്കും മുമ്പായി വില പേശലുമായി നിതീഷ് കുമാർ. സുപ്രധാന വകുപ്പുകളും കേന്ദ്രമന്ത്രി സഭയില്‍ അംഗത്വവും എന്നതാണ് ആവശ്യം. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് എന്‍.ഡി.എ കക്ഷികളെല്ലാം പ്രതികരിച്ചു. അതേസമയം സർക്കാർ രൂപീകരണത്തിനുള്ള സാധ്യതകള്‍ മഹാസഖ്യവും തേടുന്നുണ്ട്.

തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാം ദിവസമായിട്ടും കടുംപിടിത്തങ്ങളില്‍ തട്ടി നില്‍ക്കുകയാണ് 125 സീറ്റ് നേടിയ എന്‍.ഡി.എയുടെ സർക്കാർ രൂപീകരണ ചർച്ചകള്‍. കഴിഞ്ഞ തവണ ജെഡിയുവിന് 17ഉം ബിജെപിക്ക് 12 ഉം ആയിരുന്നു മന്ത്രിമാർ. ഇത്തവണ 74 സീറ്റ് ലഭിച്ചതിനാല്‍ ആഭ്യന്തരവും വിദ്യാഭ്യാസവും അടക്കം കൂടുതല്‍ മന്ത്രിപദവും സ്പീക്കർ പദവും വേണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ഇത് നിതീഷിന് സ്വീകാര്യമല്ല. ഒപ്പം കേന്ദ്രമന്ത്രിസഭ അംഗത്വം എന്നതില്‍ ഉറച്ച് നില്ക്കുകയാണ് ജെ.ഡി.യു.

ഇതിന് പുറമെ സഖ്യത്തെ ഭൂരിപക്ഷത്തിലേക്കെത്തിച്ച 8 സീറ്റുകള്‍ നല്കിയ വി.ഐ.പിയും എച്ച്.എ.എമ്മും അവകാശ വാദങ്ങളുമായി എത്തിയിട്ടുണ്ട്. എച്ച്.എ.എം നേതാവ് ജിതന്‍ റാം മാഞ്ചിയും എംഎല്‍എമാരും നിതീഷ് കുമാറിനെ നേരിട്ട് കണ്ടു. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് എന്‍.ഡി.എ കക്ഷികളെല്ലാം പ്രതികരിച്ചു. 43 സീറ്റിലേക്ക് പാർട്ടി വീണതിനാല്‍ മുഖ്യമന്ത്രി പദം സ്വീകരിച്ചില്ലെങ്കില്‍ അപ്രസക്തനാകുമെന്നതിനാല്‍ നിതീഷ് കുമാറിന് മുന്നില്‍ വേറെ മാർഗങ്ങളില്ല.

സർക്കാർ രൂപീകരണത്തിന് 110 സീറ്റ് നേടിയ മഹാസഖ്യവും സാധ്യത തേടുന്നുണ്ട്. എഐഎംഐഎം, എച്ച്.എ.എം, വി.ഐ.പി പാർട്ടികളുടെ നേതൃത്വത്തെ മഹാസഖ്യം സമീപിച്ചു. വി.ഐ.പി നേതാവ് മുകേഷ് സഹാനിക്ക് ഉപമുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്താണ് നീക്കം.

എന്‍.ഡി.എ വിടാന്‍ തയ്യാറല്ലെന്ന് ചർച്ചക്കെത്തിയവരോട് അറിയിച്ചതായി വി.ഐ.പിയും എച്ച്.എ.എമ്മും പ്രതികരിച്ചു. തുടർ സാധ്യതകള്‍ ആരായാന് തേജസ്വി യാദവിന്റെ വസതിയില്‍ മഹാസഖ്യം യോഗം ചേർന്നു.