വാക്‌സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് 100 കോടി നഷ്ടപരിഹാരം ചോദിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാതാക്കളായ അസ്ട്രാസെനകയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിനാണ് കോവിഷീല്‍ഡ്.

കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്‌സിന്‍ പരീക്ഷണത്തിന് ശേഷം നാഡീസംബന്ധമായും മറ്റ് ശാരീരിക പ്രയാസങ്ങളും നേരിടുന്നെന്നാണ് ചെന്നൈ സ്വദേശിയായ 40 കാരന്‍ ആരോപിച്ചത്. നഷ്ടപരിഹാരമായി 5 കോടി രൂപയും ഇയാള്‍ ആവശ്യപ്പെട്ടു. വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും അഞ്ച് കോടി രൂപ നഷ്ടപപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടപടി.

അതേസമയം ഇയാളുടെ വാദങ്ങള്‍ അടിസ്ഥാനഹരിതമാണെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പ്രതികരിച്ചു. എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, വാക്‌സിന്‍ പരീക്ഷണവും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞു. ”നോട്ടീസിലെ ആരോപണങ്ങള്‍ വിദ്വേഷം പരത്തുന്നതും തെറ്റായതുമാണ്. വാക്‌സിന്‍ പരീക്ഷണത്തെ സംബന്ധിച്ച് സന്നദ്ധപ്രവര്‍ത്തകന്‍ ആക്ഷേപം ഉന്നയിക്കുകയാണ്”.
സിറം പ്രസ്താവനയില്‍ പറഞ്ഞു.

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാതാക്കളായ അസ്ട്രാസെനകയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിനാണ് കോവിഷീല്‍ഡ്. പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് രാജ്യത്ത് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്.