കണ്ണൂരിൽ രണ്ടിടങ്ങളിൽ നിന്നായി ആറ് ബോംബുകൾ പിടികൂടി. മുഴക്കുന്ന് പഞ്ചായത്തിലെ നെല്യാട്, വട്ടപ്പോയിൽ മേഖലകളിൽ നിന്നാണ് ബോംബുകൾ പിടികൂടിയത്. ബാഗിലും ബക്കറ്റിലുമായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ.
ഇന്നലെ പ്രദേശത്തു നിന്ന് ബോംബ് സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി നാട്ടുകാർ പൊലീസിൽ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. നാടൻ ബോംബാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഒളിച്ചിരുന്ന മുടക്കോഴി മലയുടെ ഭാഗത്തുളള സ്ഥലമാണിത്.