എല്ലാ അയ്യപ്പഭക്തരെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി; ഹൈക്കോടതി ഇന്ന് വിധി പറയും

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള എല്ലാ അയ്യപ്പഭക്തരെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവും കോൺഗ്രസ് നേതാവുമായ അജയ് തറയിൽ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.

നിലവിൽ 2000 പേരെ മാത്രമാണ് ദിനംപ്രതി ശബരിമലയിൽ പ്രവേശിപ്പിക്കുന്നത്. വൻകിട ഷോപ്പിംഗ് മാളുകളിലുൾപ്പെടെ എത്താവുന്ന ആളുകളുടെ എണ്ണത്തിലുള്ള നിയന്ത്രണം എടുത്തു കളഞ്ഞിട്ടും ശബരിമലയിൽ മാത്രം നിയന്ത്രണങ്ങളേർപ്പെടുത്തുന്നത് എന്തിനെന്ന് ഹർജിയിൽ ചോദ്യം ചെയ്യുന്നു. ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയതുവഴി ദേവസ്വം ബോർഡിനുണ്ടാകുന്ന വൻ വരുമാന നഷ്ടം ബോർഡിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളുടെ നിത്യവൃത്തിയെപ്പോലും ബാധിക്കുന്നുവെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.