വാഗമണ്‍ നിശാ പാര്‍ട്ടി; പിടിയിലായവരുടെ ലഹരി മാഫിയ ബന്ധം അന്വേഷിക്കും

ഇടുക്കി വാഗമണ്ണില്‍ നടന്ന നിശാ പാര്‍ട്ടിയില്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്ത സംഭവത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് അന്വേഷണം. കേസില്‍ പിടിയിലായവരുടെ ലഹരി മാഫിയ ബന്ധം അന്വേഷിക്കും. ഇതര സംസ്ഥാന ലഹരി മരുന്ന് മാഫിയ കേന്ദ്രീകരിച്ച് പൊലീസും അന്വേഷണം നടത്തും. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ റിസോര്‍ട്ടുകളില്‍ പരിശോധന നടത്താനും തീരുമാനമായി.

നിലവില്‍ ഒന്‍പത് ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. തിങ്കളാഴ്ച ഇവരെ കസ്റ്റഡിയില്‍ വാങ്ങും. പിന്നീടായിരിക്കും ചോദ്യം ചെയ്യല്‍. സമഗ്ര അന്വേഷണമാണ് പുരോഗമിക്കുന്നത്. മഹാരാഷ്ട്ര- ബംഗളൂരു ഭാഗങ്ങളില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് കണ്ടെത്തല്‍.

ലഹരി നിശാപാര്‍ട്ടി സംഘടിപ്പിച്ചത് അറസ്റ്റിലായ നബീലും സല്‍മാനുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ‘ആഡ്രാ ആഡ്രാ’ എന്ന വാട്സ്ആപ് കൂട്ടായ്മയിലൂടെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. കോഴിക്കോട് സ്വദേശി അജയനും തൊടുപുഴ സ്വദേശി അജ്മലും ആയിരുന്നു വാട്സ്ആപ് കൂട്ടായ്മയുടെ അഡ്മിനുകള്‍.

കൂട്ടായ്മയിലുള്ളത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 17 പേരാണ്. ലഹരി മരുന്നില്‍ ഭൂരിഭാഗവും എത്തിച്ചത് തൊടുപുഴ സ്വദേശിയായ സഹീറെന്നും പൊലീസ് കണ്ടെത്തി. സംഭവ ദിവസം വാഗമണ്ണില്‍ ഉണ്ടായിരുന്ന യുവനടിയെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. യുവനടി പാര്‍ട്ടിയില്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് റെയ്ഡ് നടന്നതെന്നും വിവരം.