പാലക്കാട് കുഴല്‍മന്ദത്ത് നടന്ന ദുരഭിമാനക്കൊലയില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലത്തൂര്‍ ഡിവൈഎസ്പി സി കെ ദേവസ്യ. പെണ്‍കുട്ടിയുടെ അമ്മാവന്‍ ഭീഷണിപ്പെടുത്തിയതായി പരാതി ലഭിച്ചിരുന്നില്ല. മൊബൈല്‍ ഫോണ്‍ അപഹരിച്ചതായാണ് പരാതി കിട്ടിയതെന്ന് ഡിവൈഎസ്പി. പരാതിയില്‍ അന്ന് തന്നെ അന്വേഷണം നടത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ തിരിച്ച് നല്‍കാന്‍ അമ്മാവന് നിര്‍ദേശം നല്‍കിയെന്നും ആലത്തൂര്‍ ഡിവൈഎസ്പി.
അതേസമയം കൊലക്കേസില്‍ കസ്റ്റഡിയിലുള്ള രണ്ട് പേരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കൊല്ലപ്പെട്ട അനീഷിനെ ഭാര്യാപിതാവ് പ്രഭു കുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇരുവരും ചേര്‍ന്നാണ് അനീഷിനെ വെട്ടിക്കൊന്നത് എന്ന പ്രധാന സാക്ഷി അരുണ്‍ പറഞ്ഞു.
പുലര്‍ച്ചെ കോയമ്പത്തൂരില്‍ നിന്നാണ് പ്രഭു കുമാറിനെ പൊലീസ് പിടികൂടിയത്. ഇന്നലെ കൃത്യം നടത്തിയ ശേഷം പാലക്കാട് വിട്ട പ്രഭു കുമാറിനായി വിപുലമായ തെരച്ചില്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പിടികൂടിയ സുരേഷിനെ ഒപ്പമിരുത്തി ഇയാളെ വിശദമായി അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. മകള്‍ ഹരിത അനീഷിനെ വിവാഹം ചെയ്തതിലുള്ള തര്‍ക്കങ്ങളാണ് പ്രകോപനത്തിന് കാരണമെന്ന് പ്രഭു കുമാര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം അനീഷിനെ കൊലപ്പെടുത്തുമെന്ന് ഇവര്‍ ഭീഷണി മുഴക്കിയതായി പ്രധാന സാക്ഷി അരുണ്‍ പറഞ്ഞു.
കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ വിശദമായ മൊഴി രക്ഷപ്പെടുത്തിയ ശേഷം ആയിരിക്കും തുടര്‍നടപടികള്‍ എന്ന് പൊലീസ്. തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് പാലക്കാട് എസ് പി സുജിത് ദാസ് അറിയിച്ചു.
പ്രാഥമികമായി ജാതീയവും സാമ്പത്തികവുമായ വിഷയങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് ഉറപ്പിക്കുന്നുണ്ട്. എന്നാല്‍ ബന്ധുക്കളുടെ ഉള്‍പ്പെടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമേ ദുരഭിമാന കൊല ഏന്നത് സ്ഥിരീകരിക്കൂ എന്നാണ് പൊലീസ് നിലപാട്.