ഇക്കൊല്ലം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പുമയൈ ബന്ധപ്പെട്ട ഐസിസി തീരുമാനം ജൂൺ ഒന്നിന്. എക്സിക്യൂട്ടിവ് ബോർഡ് മീറ്റിംഗിലാണ് ഐസിസി ഇക്കാര്യം തീരുമാനിക്കുക. കൊവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ ഇന്ത്യയിൽ നിന്ന് ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയേക്കും. ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ടി-20 ലോകകപ്പ് നടക്കുക.
കഴിഞ്ഞ ഐപിഎൽ സീസൺ വിജയകരമായി നടത്തിയതുകൊണ്ട് തന്നെ ടി-20 ലോകകപ്പ് വേദിയായുള്ള പ്രഥമ പരിഗണനയും യുഎഇയ്ക്ക് തന്നെയാണ്. ഈ മാസം 29ന് ബിസിസിഐ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ വേദിമാറ്റത്തെപ്പറ്റി ബിസിസിഐ തീരുമാനമെടുക്കും. ഈ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാവും ഐസിസി ഇക്കാര്യത്തിൽ ഇടപെടുക.
അതേസമയം, ഇക്കൊല്ലം നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മാറ്റിവച്ചു എന്ന് സൂചനയുണ്ട്. കൊവിഡ് സാഹചര്യം പരിഗണിച്ച് ഏഷ്യാ കപ്പ് മാറ്റിവച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കൊല്ലം ശ്രീലങ്കയിലാണ് ടൂർണമെൻ്റ് നടക്കേണ്ടിയിരുന്നത്. മാറ്റിവച്ച ഏഷ്യാ കപ്പ് ഏത് വർഷം നടക്കുമെന്ന് തീരുമാനം ആയിട്ടില്ല. 2022ൽ തീരുമാനിച്ചിരിക്കുന്ന ഏഷ്യാ കപ്പ് പാകിസ്താനിൽ നടക്കും.
2023ൽ മാറ്റിവച്ച ഏഷ്യാ കപ്പ് നടക്കാനാണ് സാധ്യത. അങ്ങനെ നടക്കുകയാണെങ്കിൽ ശ്രീലങ്ക തന്നെ ആതിഥേയത്വം വഹിക്കും.
അതേസമയം, ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശനം 4000 കാണികൾക്കാണ്. ഹാംഷയർ കൗണ്ടി തലവനാണ് ഇക്കാര്യം. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് സ്റ്റേഡിയത്തിലേക്ക് ആളെ പ്രവേശിപ്പിക്കാൻ യുകെ സർക്കാർ അനുവാദം നൽകിയത്. കൗണ്ടി മത്സരങ്ങളിൽ കാണികളെ അനുവദിക്കുന്നുണ്ട്.