29കാരനായ വരുണിന് ആദ്യമായാണ് ഇന്ത്യൻ ദേശീയ ടീമിൽ നിന്ന് വിളി വരുന്നത്.
ആദ്യമായി ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിച്ച തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തിക്ക് ഓസ്ട്രേലിയൻ പര്യടനം നഷ്ടമായേക്കും. തോളെല്ലിനേറ്റ പരിക്കാണ് 29കാരന് വില്ലനായത്.
ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് വരുണിന് ഓസ്ട്രേലിയൻ പര്യടനത്തിന് നറുക്ക് വീണത്. പക്ഷേ തോളെല്ലിനേറ്റ പരിക്ക് മൂലം പന്തെറിയാൻ പോലും കഴിയാത്ത അവസ്ഥയിലാണ് താരമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 29കാരനായ വരുണിന് ആദ്യമായാണ് ഇന്ത്യൻ ദേശീയ ടീമിൽ നിന്ന് വിളി വരുന്നത്. ടീം ഫിസിയോ ആയ നിതിൻ പട്ടേലിന്റെ റിപ്പോർട്ട് പ്രകാരമായിരിക്കും വരുണിന് ഓസീസിനെതിരെ കളിക്കാനാക്കുമോ ഇല്ലയോ എന്നതിൽ വ്യക്തത വരിക.
ഈ ഐ.പി.എൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് വരുൺ കളിച്ചത്. ഇത്തവണ മികച്ച പ്രകടനം പുറത്തെടുത്ത തമിഴ്നാട് താരത്തിനെ ‘മിസ്റ്ററി സ്പിന്നർ’ എന്നാണ് ക്രിക്കറ്റ് ലോകം വിളിച്ചത്. 13 മത്സരങ്ങളിൽ നിന്നായി 6.84 ഇക്കോണമിയിൽ 17 വിക്കറ്റ് ആണ് വരുൺ ഈ സീസണിൽ കീശയിലാക്കിയത്. ഡൽഹി ക്യാപ്പിറ്റൽസിനെതിരെയുള്ള അഞ്ച് വിക്കറ്റ് പ്രകടനവും ഇതിൽപെടുന്നുണ്ട്.