ഐ എസ് എലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് പത്താം മത്സരം. കരുത്തരായ ജംഷഡ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. സീസണിൽ മോശം പ്രകടനം തുടരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം ജയം ലക്ഷ്യമാക്കിയാവും ഇന്ന് ഇറങ്ങുക. 9 മത്സരങ്ങളിൽ നിന്ന് വെറും ഒരു ജയവും 6 പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ 10ആം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ മത്സരത്തിൽ 11ആം സ്ഥാനത്തുള്ള ഒഡീഷയോട് നാലിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. 9 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം സഹിതം 13 പോയിൻ്റുള്ള ജംഷഡ്പൂർ പട്ടികയിൽ അഞ്ചാമതാണ്.
മുന്നേറ്റ നിരയും പ്രതിരോധ നിരയും ഒരുപോലെ മോശം പ്രകടനം നടത്തുന്നതാണ് ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയാവുന്നത്. പ്രതിരോധ നിരയുടെ പ്രകടനം വളരെ ദയനീയമാണ്. ഇതുവരെ 17 ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ലീഗിലെ ഏറ്റവും മോശം റെക്കോർഡ്. ഗോൾ കീപ്പർ ആൽബീനോ ഗോമസ് ചില മികച്ച സേവുകൾ നടത്തുന്നതിനൊപ്പം ചില സ്കൂൾ ബോയ് എറർ കൂടി വരുത്തുന്നുണ്ടെന്നത് തലവേദനയാണ്. പ്രതിരോധത്തിൽ കോസ്റ്റ ഒരു ബാധ്യതയാവുകയാണ്. പൊസിഷൻ കീപ്പ് ചെയ്യാതെ വളരെ അലസ സമീപനമാണ് കോസ്റ്റ സ്വീകരിക്കുന്നത്.
മുന്നേറ്റ നിരയിൽ മോശം ഫോമിലായിരുന്ന ഗാരി ഹൂപ്പർ ഒരു ഫീൽഡ് ഗോളടിച്ച് പ്രതീക്ഷ നൽകിയെങ്കിലും ജോർഡൻ മറെയെ മാറ്റിനിർത്തിയാൽ ആക്രമണം ശോകമാണ്. ഫിനിഷിംഗിലെ പാളിച്ചകൾക്ക് അറുതിയില്ല. ഹൂപ്പർ ഫോമിലേക്കുയരുക എന്നതാണ് ഗോൾ വരൾച്ചക്ക് തടയിടാനുള്ള മാർഗം.
ഭേദപ്പെട്ട ഒരു മധ്യനിര ബ്ലാസ്റ്റേഴ്സിനുണ്ട്. രാഹുൽ കെപി ഓരോ കളിയിലും മികച്ചുനിൽക്കുമ്പോൾ, ഫിനിഷിംഗിലെ പോരായ്മ മാറ്റിനിർത്തിയാൽ സഹലും മികച്ച കളിയാണ് കെട്ടഴിക്കുന്നത്. വിസൻ്റെ ഗോമസ്, ഫക്കുണ്ടോ പെരേര എന്നിവർക്കൊപ്പം പുയ്തിയയും സെയ്തസെൻ സിംഗുമൊക്കെ അടങ്ങിയ യുവനിരയും ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.
ഈ ടീം ഇനിയൊരു തിരിച്ചുവരവ് നടത്തുമെന്നൊക്കെ പ്രതീക്ഷിക്കുക മണ്ടത്തരമായിരിക്കും. എതിരാളികൾക്ക് ടൈറ്റ് കോമ്പറ്റീഷൻ നൽകി നാണക്കേട് മാറ്റുക എന്നതാണ് ബ്ലാസ്റ്റേഴ്സിനു ചെയ്യാനുള്ളത്.