ഇന്ത്യൻ വനിതാ ടീമിന്റെ ഓസീസ് പര്യടനം മാറ്റിവച്ച സംഭവം; ലിംഗ വിവേചനമെന്ന് ആകാശ് ചോപ്ര

ഇന്ത്യൻ വനിതാ ടീമിൻ്റെ ഓസീസ് പര്യടനം മാറ്റിവച്ചതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നടപടി ലിംഗ വിവേചനം ആണെന്നാണ് ചോപ്ര തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചത്. പുരുഷ താരങ്ങൾക്ക് ക്രിക്കറ്റ് കളിക്കാമെങ്കിൽ വനിതാ താരങ്ങൾ അത് എന്തുകൊണ്ട് പാടില്ല എന്ന് അദ്ദേഹം ചോദിക്കുന്നു.

‘എങ്ങനെയാണ് ഇത് നീതീകരിക്കാനാവുക? പുരുഷ ക്രിക്കറ്റ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു. പക്ഷേ വനിതകൾക്ക് കളിക്കാൻ കഴിയില്ല. ലിംഗ സമത്വമാണോ ഇത്?’- ആകാശ് ചോപ്ര ട്വിറ്ററിൽ കുറിച്ചു.

2021 ജനുവരിയിലാണ് നേരത്തെ ഇന്ത്യൻ ടീമിൻ്റെ ഓസീസ് പര്യടനം തീരുമാനിച്ചിരുന്നത്. എന്നാൽ, ഇത് അടുത്ത സീസണിലേക്ക് മാറ്റി. 2022 ലോകകപ്പിനു മുന്നോടി ആയി പരമ്പര നടത്താനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം. നേരത്തെ മൂന്ന് ഏകദിനങ്ങളടങ്ങിയ പര്യടനം ആയിരുന്നെങ്കിൽ അതോടൊപ്പം മൂന്ന് ടി-20കൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.