ആത്മഹത്യയുടേതല്ല, പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുക്കണമെന്ന് കർഷകരോട് നേതാക്കൾ

ആത്മഹത്യയുടേതല്ല, പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുക്കണമെന്ന് കർഷകരോട് നേതാക്കൾ. ഇന്നലെ രാത്രി ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് ആഹ്വാനം. അതേസമയം, ഡൽഹി അതിർത്തികളിലെ കർഷക പ്രക്ഷോഭം നാൽപത്തിയാറാം ദിവസത്തിലേക്ക് കടന്നു. സിംഗുവിൽ ഇന്ന് കർഷക നേതാക്കൾ യോഗം ചേർന്ന് ഭാവിപരിപാടികൾ നിശ്ചയിക്കും.

ഡൽഹി അതിർത്തിയിലെ പ്രക്ഷോഭകേന്ദ്രങ്ങളിൽ ഇതുവരെ ആത്മഹത്യ ചെയ്തവരുടെ എണ്ണം അഞ്ചായി. സിംഗു അതിർത്തിയിൽ വിഷം കഴിച്ച കർഷകൻ ഇന്നലെ രാത്രി മരിച്ചതാണ് ഒടുവിലത്തെ സംഭവം. പഞ്ചാബ് ഫത്തേഗഡ്‌ സാഹിബ് സ്വദേശിയും നാൽപതുകാരനുമായ അമരീന്ദർ സിംഗാണ് മരിച്ചത്. ആത്മഹത്യയുടെ വഴിയല്ല, പോരാട്ടത്തിന്റെ പാതയിൽ തന്നെ തുടരണമെന്ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്തു.

സംയുക്ത കിസാൻ മോർച്ച നേതാക്കൾ ഇന്ന് യോഗം ചേർന്ന് കൂടുതൽ സമരപരിപാടികൾ പ്രഖ്യാപിക്കും. ഈമാസം പതിനഞ്ചിന് നിശ്ചയിച്ചിരിക്കുന്ന കേന്ദ്രസർക്കാരുമായുള്ള ചർച്ചയിൽ പങ്കെടുക്കണമോയെന്നതിലും നിലപാട് വ്യക്തമാക്കും. ഇതിനിടെ, കാർഷിക നിയമങ്ങൾക്കെതിരെ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കർഷക സംഘടനകൾ സമൂഹ മാധ്യമങ്ങളിൽ ഹാഷ്ടാഗ് ക്യാമ്പയിനിന് തുടക്കമിട്ടു. കർഷകരുടെ 24 മണിക്കൂർ റിലേ നിരാഹാര സത്യാഗ്രഹം തുടരുകയാണ്.