അലോപ്പതി ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ ചെയ്യാൻ അനുമതി നൽകിയ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് അലോപ്പതി ഡോക്ടർമാരുടെ രാജ്യവ്യാപക
പണിമുടക്ക് ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ്മണിവരെയാണ് സമരം. ഒപി പ്രവർത്തിക്കില്ല.

അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും സ്വകാര്യ പ്രാക്ടീസും നടത്തില്ല. ഐഎംഎയുടെയും കെജിഎംസിടിഎയുടെയുംനേതൃത്വത്തിൽ സംസ്ഥാനത്തും ഡോക്ടേഴ്‌സ് പണിമുടക്കും. അതേസമയം,
പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ബദൽ ചികിത്സാ സംവിധാനമൊരുക്കുമെന്ന് ആയുർവേദ ഡോക്ടർമാരുടെ സംഘടന അറിയിച്ചു.

58 തരം ശസ്ത്രക്രിയകൾ നടത്താൻ ആയുർവേദ പോസ്റ്റ് ഗ്രാജുവെറ്റ്‌സിനുഅനുമതി നൽകിയ സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ നടപടിക്കെതിരെയാണ് അലോപ്പതി ഡോക്ടേഴ്‌സിന്റെ രാജ്യവ്യാപക പ്രതിഷേധം.

സർക്കാർ, സ്വകാര്യ ആശുപത്രികളിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ഒപി ബഹിഷ്‌കരിക്കും. കൊവിഡ്, അത്യാഹിത ചികിത്സാ വിഭാഗങ്ങളെ സമരം ബാധിക്കില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ചെയ്യില്ല. സിസിഐഎം നടപടി പൊതുജനാരോഗ്യത്തിന് എതിരെന്നുംആധുനിക വൈദ്യത്തെ തിരിച്ച് നടത്തുന്നതെന്നും ഐഎംഎ അറിയിച്ചു.

സംസ്ഥാനത്തെ മെഡിക്കൽ കോളജ് അധ്യാപകരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്ഭവന് മുന്നിൽ ഡോക്ടർമാർ ധർണ നടത്തും.അതേസമയം സമരത്തിനെതിരെ ആയുർവേദ ഡോക്ടർമാരുടെ സംഘടന രംഗത്തെത്തി. സമരം അനാവശ്യമെന്നും ആയുർവേദ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ആരോഗ്യ സംരക്ഷണ ദിനമായി ആചരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.