പാലക്കാട്ട് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. കുതറി മാറിയതിനാലാണ് യുവതി പൊള്ളല്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടത്. പൊലീസില്‍ കീഴടങ്ങിയ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സംരക്ഷണം ആവശ്യപ്പെട്ട് നിരവധി തവണ പരാതി നല്‍കിയിട്ടും പൊലീസ് അവഗണിച്ചെന്ന് യുവതിയുടെ അമ്മ പറഞ്ഞു.
രാവിലെ 11 മണിക്കാണ് സംഭവം. ഒലവക്കോടുള്ള സ്വകാര്യ ബ്യൂട്ടീഷന്‍ പരിശീലന കേന്ദ്രത്തില്‍ എത്തിയതായിരുന്നു മലമ്പുഴ സ്വദേശിയായ സരിതയെന്ന യുവതി. പെട്രോള്‍ കാനുമായി ക്ലാസ് മുറിയില്‍ എത്തിയ ഭര്‍ത്താവ് ബാബുരാജ് സരിതയുടെ ദേഹത്ത് പെട്രോളൊഴിക്കുകയായിരുന്നു. തീ കത്തിക്കാന്‍ ഉള്ള ശ്രമത്തിനിടെ സരിത ഓടി മാറിയതിനാല്‍ രക്ഷപ്പെട്ടു.
ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട സരിതയെ ഒലവക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെട്ട ബാബുരാജ് പിന്നീട് മലമ്പുഴ പൊലീസില്‍ കീഴടങ്ങി. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
മത്സ്യത്തൊഴിലാളി ആണ് ബാബുരാജ്. ഇയാള്‍ക്ക് പ്രാദേശിക ബിജെപി പ്രവര്‍ത്തകരുടെ സംരക്ഷണം ഉണ്ടെന്ന് സരിതയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. ആശുപത്രിയിലെത്തിയ അന്വേഷണ സംഘം സരിതയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തി.