ബെംഗളൂരുവിൽ കമ്പനി; ടെസ്‌ല ഇന്ത്യയിൽ കളം പിടിക്കാനൊരുങ്ങുന്നു

അതിസമ്പന്നൻ ഇലോൺ മസ്കിൻ്റെ ഇലക്ട്രിക് കാർ നിർമ്മാണ കമ്പനിയായ ടെസ്‌ല ഇന്ത്യയിൽ കളം പിടിക്കാനൊരുങ്ങുന്നു. ഇതിൻ്റെ ഭാഗമായി ടെസ്‌ല ബെംഗളൂരുവിൽ കമ്പനി രജിസ്റ്റർ ചെയ്തു. ഇന്ത്യയിൽ ആർടി യൂണിറ്റും നിർമ്മാണ പ്ലാന്റും സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതിനായാണ് ബെംഗളൂരുവിൽ കമ്പനി ആരംഭിച്ചത്.

ടെസ്‌ല ഇന്ത്യ മോട്ടേഴ്സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജനുവരി എട്ടിനാണ് രജിസ്ട്രേഷൻ നടന്നത്. ടെസ്‌ല സീനിയർ ഡയറക്ടർ ഡേവിഡ് ജോൺ ഫെയ്ൻസ്‌റ്റൈൻ, ചീഫ് അക്കൗണ്ടിംഗ് ഓഫീസർ വൈഭവ് തനേജ, ബെംഗളൂരു സംരംഭകനായ വെങ്കിട്ടറങ്കം ശ്രീറാം എന്നിവരാണ് ഇന്ത്യൻ യൂണിറ്റിലെ ബോർഡ് അംഗങ്ങൾ. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ഓഫീസ് സ്ഥാപിക്കാനുള്ള ചർച്ചകൾ നടക്കുകയാണ്.

2021ൽ ഇന്ത്യയിലെത്തുമെന്ന് നേരത്തെ മസ്ക് അറിയിച്ചിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.