എറണാകുളം പാലാരിവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. യാത്രക്കാർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം.
കുണ്ടന്നൂരിൽ നിന്ന് ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്ന ടാക്സി കാറിനാണ് യാത്രാമധ്യേ തീപിടിച്ചത്. വാഹനത്തിൻറെ ബോണറ്റിൽ നിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഒതുക്കി നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ വൻ അപകടം ഒഴിവായി. സിഎൻജി ഇന്ധനം ഉപയോഗിച്ച് സർവീസ് നടത്തുന്ന വാഹനമാണ് കത്തിയത്. ഗാന്ധിനഗർ അഗ്നി രക്ഷാ സ്റ്റേഷനിൽ നിന്നുള്ള ഒരു യൂണിറ്റ് ഫയർ എൻജിൻ എത്തിയാണ് തീ അണച്ചത്.
അപകടത്തെ തുടർന്ന് വൈറ്റില ഇടപ്പള്ളി പാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ വൻ ദുരന്തം ഒഴിവാക്കിയെന്ന് വാഹന ഉടമ പ്രമോദ്.
ഫയർ യൂണിറ്റ് വേഗത്തിൽ എത്തിച്ച് രക്ഷാപ്രവർത്തനം വേഗത്തിൽ നടത്താൻ ആയത് അപകടത്തിൻ്റെ വ്യാപ്തി കുറച്ചു.