ഇ. ശ്രീധരൻ ബിജെപിയുടെ ഭാഗമായ ശേഷം എന്തും വിളിച്ചു പറയുന്ന അവസ്ഥയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയിൽ ചേർന്നാൽ ഏത് വിദഗ്ധനും ബിജെപിയുടെ സ്വഭാവം കാണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ വികസനത്തെക്കുറിച്ചുള്ള ശ്രീധരന്റെ പരാമർശങ്ങൾ ജൽപ്പനങ്ങളാണ്. ശ്രീധരൻ പറഞ്ഞതിന് തെരഞ്ഞെടുപ്പിന് ശേഷം മറുപടി നൽകാമെന്നും മുഖ്യമന്ത്രി പട്ടാമ്പിയിൽ പറഞ്ഞു.
സംസ്ഥാനത്ത് യുഡിഎഫ്- ബിജെപി പരസ്യധാരണയുണ്ട്. ബിജെപി വോട്ട് ലഭിക്കുമെന്ന കെ. ബാബുവിന്റെ പ്രതികരണം ഇതിന് തെളിവാണ്. ശബരിമല പ്രചാരണം തെരഞ്ഞെടുപ്പിൽ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി നേതാവ് കെ.ജി.മാരാരുടെ ബൂത്ത് ഏജന്റായിരുന്നു താൻ എന്ന ആരോപണം മുഖ്യമന്ത്രി തള്ളി. എം.ടി രമേശിന്റെ അത്തരത്തിലൊരു ആരോപണം എന്തിന്റെ പേരിലാണെന്ന് അറിയില്ല. 1977 ൽ സ്ഥാനാർത്ഥിയായിരുന്ന താൻ എങ്ങനെ ഏജന്റായി പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു.