ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ അയ്യപ്പ സ്തുതിയും

ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന അയ്യപ്പ സ്തുതിയും മുഴങ്ങും. 861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് സ്വാമിയേ ശരണമയ്യപ്പ കാഹളം മുഴക്കുക. ജനുവരി 15ന് നടന്ന ആർമിദിനത്തിലെ ഡൽഹിയിൽ നടന്ന പരേഡിൽ ബ്രഹ്മോസ് അതിന്റെ കാഹളമായി സ്വാമിയേ ശരണമയ്യപ്പ മുഴക്കിയിരുന്നു. ദുർഗ മാതാ കീ ജയ്, ഭരത് മാതാ കീ ജയ് തുടങ്ങിയ യുദ്ധ കാഹളങ്ങൾക്ക് സമാനമായാകും സ്വാമിയേ ശരണമയ്യപ്പ എന്ന അയ്യപ്പ സ്തുതിയും ബ്രഹ്മോസ് മുഴക്കുക.

റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യതിഥിയായി സുരിനാം പ്രസിഡന്റ് ചന്ദ്രികപെർസാദ് സാന്തോഖി എത്തും. തെക്കേ അമേരിക്കയിൽ പരമാധികാരമുള്ള ഏറ്റവും ചെറിയ രാജ്യമാണ് ഡച്ച് ഭാഷ സംസാരിക്കുന്ന സുരിനാം.

ബ്രിട്ടീഷ് പ്രസിഡന്റ് ബോറിസ് ജോൺസനെ ആയിരുന്നു റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിരുന്നത്. എന്നാൽ ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ വ്യാപനം കൂടുകയും യുകെയിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ ബോറിസ് ജോൺസൺ ഇന്ത്യാ സന്ദർശനം റദ്ദാക്കുകയായിരുന്നു.

പരമ്പരാഗത കീഴ്‌വഴക്കങ്ങൾ എല്ലാം പുനർനിശ്ചയിച്ച് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പരമാവധി 25,000 പേർക്ക് മാത്രമാകും ഇത്തവണ പ്രവേശനം. ഇത്തവണത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ ബംഗ്ലാദേശ് സേനയും ഭാഗമാകും. കുട്ടികൾക്ക് ഇത്തവണ പ്രവേശനം ഇല്ല. മാർച്ചിനെത്തുന്ന സേനാവിഭാഗങ്ങളുടെ എണ്ണവും ഓരോ മാർച്ചിംഗ് സേനയിലെ അംഗങ്ങളുടെ എണ്ണവും ഇത്തവണ കുറച്ചിട്ടുണ്ട്.