ആയുർവേദ ഡോക്ടർമാർക്കും ശസ്ത്രക്രിയ നടത്താമെന്ന തീരുമാനം; ഐഎംഎ ഇന്ന് തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തും

ആയുർവേദ ഡോക്ടർമാർക്കും ശസ്ത്രക്രിയ നടത്താമെന്ന തീരുമാനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇന്ന് തിരുവനന്തപുരത്ത് നിരാഹാര സമരം നടത്തും. രാജ് ഭവനു മുന്നിലെ നിരാഹാര സമരം ഐ എം എ ദേശീയ പ്രസിഡൻറ് ഡോ ജയലാൽ ഉദ്ഘാടനം ചെയ്യും. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയാണ് സമരം. തിരുമാനത്തിനെതിരെ വിവിധ ദിവസങ്ങളിലായി കേരളത്തിലെ എല്ലാ ജില്ലകളിലും ഐഎംഎ സമരം സംഘടിപ്പിക്കുകയാണ്.

രാജ്യത്ത് ആയുർവേദ ഡോക്ടർമാർക്ക് ജനറൽ ശസ്ത്രക്രിയയടക്കം നടത്താൻ കേന്ദ്ര അനുമതി നൽകുന്നത് കഴിഞ്ഞ വർഷം നവംബറിലാണ്. ജനറൽ ശസ്ത്രക്രിയയും ബിരുദാനന്തര ബിരുദമുള്ളവർക്ക് ഇഎൻടി, എല്ല്, കണ്ണ്, പല്ല് തുടങ്ങിയവുമായി ബന്ധപ്പെട്ട ചികിത്സകൾക്കായി പരിശീലനം നേടിയ ശേഷം ശസ്ത്രക്രിയ നടത്താമെന്നാണ് കേന്ദ്രം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുർവേദ എഡ്യുക്കേഷൻ) റെഗുലേഷൻ 2016ൽ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ സർജറി പഠനവും ഉൾപ്പെടുത്തുന്നത്. ഇതിനെതിരെ തുടക്കം മുതൽ ഐഎംഎ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു.