ഗ്രെറ്റ ടൂൾ കിറ്റ് കേസിൽ ആക്ടിവിസ്റ്റുകളായ നികിത ജേക്കബിനും ശന്തനുവിനുമെതിരെ ജാമ്യമില്ലാ വാറണ്ട്. ഡൽഹി പൊലീസാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അഭിഭാഷക കൂടിയായ നികിത ജേക്കബിനെതിരെ ബോംബെ ഹൈക്കോടതിയിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ ഇന്ത്യ വിരുദ്ധ ക്യാമ്പയിനുകൾ പങ്കായെന്നാണ് ഡൽഹി പൊലീസ് വാദം. നിയമാവകാശ നിരീക്ഷണാലയം നികിതയ്‌ക്കെതിരെ പരാതി നൽകി രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്‌ഐആർ തേടി.
കാർഷിക നിയമങ്ങൾക്കെതിരെ ക്യാമ്പയിൻ നടത്താൻ വിദേശ സെലബ്രറ്റികൾക്ക് നികിത സൗകര്യമൊരുക്കി എന്നാണ് നിയമാവകാശ നിരീക്ഷണാലയം ഡൽഹി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. വിദേശ സെലബ്രറ്റികൾക്ക് നികിത ഈ തരത്തിൽ ക്യാമ്പയിൻ നടത്തി എന്നും അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും പരാതിയിൽ പറയുന്നു.
അതേസമയം, ഗ്രേറ്റ ടൂൾകിറ്റ് പ്രചരണ കേസിൽ അറസ്റ്റിലായ ദിഷാ രവിയെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി.
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് പങ്കുവച്ച ടൂൾകിറ്റ് എഡിറ്റ് ചെയ്തുവെന്നതാണ് ദിഷയ്‌ക്കെതിരായ കുറ്റം. ബംഗളൂരുവിലെ പരിസ്ഥിതി പ്രവർത്തകയും, മൗണ്ട് കാർമൽ കോളജിലെ വിദ്യാർത്ഥിനിയുമാണ് 22 കാരിയായ ദിഷ.