ബിജെപിയില്‍ നിന്നകന്ന് കോണ്‍ഗ്രസുമായി അടുപ്പം സ്ഥാപിച്ച മേജര്‍ രവിയെ തണുപ്പിക്കാന്‍ ബിജെപി നേതൃത്വം. ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസും എ.എന്‍.രാധാകൃഷ്ണനും മേജര്‍ രവിയെ കണ്ടു. ബിജെപിക്കായി പ്രവര്‍ത്തിച്ചിട്ടും അവഗണിക്കപ്പെട്ടതില്‍ നേതാക്കളെ അതൃപ്തി അറിയിച്ചതായാണ് വിവരം.
കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന യുഡിഎഫ് യാത്രയ്ക്കിടെ മേജര്‍ രവി രമേശ് ചെന്നിത്തലയുമായി വേദി പങ്കിട്ടിരുന്നു. വേദിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ മേജര്‍ രവി ആഞ്ഞടിക്കുകയും ചെയ്തു. പിന്നാലെയാണ് അനുനയ ശ്രമവുമായി ബിജെപി നേതാക്കള്‍ എത്തിയത്. ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസും എ.എന്‍.രാധാകൃഷ്ണനും മേജര്‍ രവിയുമായി കൂടിക്കാഴ്ച നടത്തി.
താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്നും നാട്ടില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു എന്ന് മാത്രമേയുള്ളൂവെന്നും മേജര്‍ രവി നേതാക്കളെ അറിയിച്ചതായാണ് വിവരം. ബിജെപിക്കായി പ്രവര്‍ത്തിച്ചിട്ടും അവഗണിക്കപ്പെട്ടതില്‍ തന്നെ വന്നു കണ്ട നേതാക്കളെ അദ്ദേഹം അതൃപ്തി അറിയിച്ചു. നേരത്തെ മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളും മേജര്‍ രവിയെ ബന്ധപ്പെട്ടിരുന്നു.
അതേസമയം, ബിജെപി ഔദ്യോഗിക നേതൃത്വം മേജര്‍ രവിയുമായി ചര്‍ച്ചയ്ക്ക് തയാറായിട്ടില്ല. അദ്ദേഹം ബിജെപി പ്രവര്‍ത്തകനായിരുന്നില്ലെന്നും വിമുക്ത ഭടനെന്ന നിലയില്‍ ആദരവുണ്ടെന്നുമായിരുന്നു നേരത്തെ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പറഞ്ഞത്.