ഡോളർ കടത്ത് കേസ്: യൂണീടാക് എം.ഡി സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കിയേക്കും

ഡോളർ കടത്ത് കേസിൽ യുണീടാക് എം.ഡി സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കാൻ സാധ്യത. കേസിൽ സന്തോഷ് ഈപ്പന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ കോൺസുലേറ്റ് അധികൃതർക്കെതിരെ അടക്കം നടപടിയുമായി മുന്നോട്ട് പോകാമെന്ന് കസ്റ്റംസ് കണക്കുകൂട്ടുന്നു. എൻഐഎ ഉൾപ്പെടെയുള്ള മൂന്ന് ഏജൻസികൾക്കും അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ ഇത് സഹായകരമാകും.

സ്വർണക്കടത്ത് കേസിൽ യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണമെത്താൻ സഹായിക്കുന്ന നിർണായക മൊഴിയാണ് സന്തോഷ് ഈപ്പന്റേതെന്ന് കസ്റ്റംസ് വിലയിരുത്തുന്നു. ഡോളർ കടത്തു കേസിലെ മുഖ്യകണ്ണി ഖാലിദ് അലി ഷൗക്രിയെ ഇന്റർപോളിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിക്കാൻ ഈപ്പന്റെ കുറ്റസമ്മതത്തിലൂടെ കളമൊരുങ്ങിക്കഴിഞ്ഞു. സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കി മജിസ്‌ട്രേട്ടിന് മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കസ്റ്റംസ് ആലോചിക്കുന്നുണ്ട്. എൻ.ഐ.എ രജിസ്റ്റർ ചെയ്ത യുഎപിഎ കേസിനടക്കം ഇതോടെ ജീവൻ വയ്ക്കും.

അതേസമയം ഇന്നലെ സന്തോഷ് ഈപ്പനെ കസ്റ്റഡിയിൽ വാങ്ങാതെ ജാമ്യം ലഭിക്കാൻ അവസരം ഒരുക്കിയതു മുതൽ കസ്റ്റംസിന്റെ നീക്കങ്ങളിൽ അസ്വാഭാവികത പ്രകടമായിരുന്നു.കേസിലെ പ്രതികളായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, സ്വപ്ന സുരേഷ്, പി.എസ്.

സരിത് എന്നിവർ സ്വർണക്കടത്തു കേസിലും കള്ളപ്പണ ഇടപാടിലും പ്രതികളായതിനാൽ ഇവരെ മാപ്പുസാക്ഷികളാക്കി പ്രോസിക്യൂഷൻ നടപടികൾ ശക്തമാക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് സന്തോഷ് ഈപ്പനെ ആശ്രയിക്കാൻ കസ്റ്റംസ് ഉറച്ചത്.