മുല്ലപ്പെരിയാർ കേസ് : കേന്ദ്രസർക്കാരിനും, കേരള-തമിഴ്‌നാട് സർക്കാരുകൾക്കും സുപ്രിംകോടതി നോട്ടിസ്

മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജിയിൽ കേന്ദ്രസർക്കാരിനും, കേരള-തമിഴ്‌നാട് സർക്കാരുകൾക്കും സുപ്രിംകോടതി നോട്ടിസ്. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾക്കൊപ്പം വിഷയം പരിഗണിക്കാൻ തീരുമാനമായി. അടുത്ത മാസം 22നാണ് മറ്റ് പൊതുതാൽപര്യഹർജികൾ പരിഗണിക്കാൻ സുപ്രിംകോടതി തീരുമാനിച്ചിരിക്കുന്നത്.

അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്‌നാട് വീഴ്ച വരുത്തിയെന്നും, കരാർ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാർ റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. കേരള ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് സംഘടന സുപ്രിംകോടതിയെ സമീപിച്ചത്.

മുല്ലപ്പെരിയാർ അന്തർസംസ്ഥാന തർക്ക വിഷയമാണെന്നും, സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി നിലപാടെടുത്തിരുന്നു.