ഡ്രൈവറെ മാറ്റില്ലെന്ന നിലപാടിലുറച്ച് തൃശൂര്‍ മേയര്‍; പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കൗണ്‍സിലര്‍മാര്‍; പോര് മുറുകുന്നു

തൃശൂര്‍ മേയര്‍ക്കെതിരെ പ്രതിഷേധവുമായെത്തിയ കൗണ്‍സിലര്‍മാരുടെ നേര്‍ക്ക് വാഹനമോടിച്ചുകയറ്റിയെന്ന ആരോപണമുയര്‍ത്തി മേയറുടെ ഡ്രൈവറെ പിരിച്ചുവിടണമെന്ന ആവശ്യവുമായി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധത്തില്‍. എന്നാല്‍ ഡ്രൈവറെ പിരിച്ചുവിടില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മേയര്‍ എം കെ വര്‍ഗീസ് പ്രഖ്യാപിച്ചതോടെ മേയറും കൗണ്‍സിലറുമാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുകയാണ്.

കോര്‍പറേഷന്‍ കൗണ്‍സില്‍ നടക്കുമ്പോള്‍ മേയറെ തീകൊളുത്തി കൊലപ്പെടുത്താന്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണമാണ് മേയര്‍ ഉയര്‍ത്തുന്നത്. ചേംബറില്‍ അതിക്രമിച്ച് കടന്ന് മേയറുടെ ഔദ്യോഗിക കാര്യങ്ങള്‍ തടസപ്പെടുത്തിയെന്നും മേയര്‍ ആരോപിക്കുന്നു.

കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് ഇന്നലെ മേയറും കൗണ്‍സിലര്‍മാരും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. കോര്‍പ്പറേഷന്‍ പരിധിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം ചെളിവെള്ളമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ എംകെ വര്‍ഗീസിന്റെ കോലത്തില്‍ ചെളിവെള്ളം തളിച്ചതോടെ മേയര്‍ കൗണ്‍സില്‍ ഹാള്‍ വിട്ടു പോകുകയായിരുന്നു. തുടര്‍ന്ന് കാറില്‍ കയറിയ മേയറെ കൗസിലര്‍മാര്‍ തടഞ്ഞെങ്കിലും കാര്‍ മുന്നോട്ടെടുത്തിനെ തുടര്‍ന്ന് പ്രതിപക്ഷ വനിതാ കൗണ്‍സിലറടക്കമുള്ളവര്‍ക്ക് പരുക്കേറ്റു.

പുതൂക്കര കൗണ്‍സിലര്‍ മേഫി ഡെല്‍സനാണ് പരിക്കേറ്റത്. കാര്‍ തടഞ്ഞ പ്രതിപക്ഷ കൗണ്‍സിലര്‍ ജോണ്‍ ഡാനിയേലെനിനെ ഇടിച്ചു തെറിപ്പിക്കുംവിധമായിരുന്നു മേയറുടെ ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. കാര്‍ പിടിപ്പിച്ചു കൊല്ലാന്‍ മേയര്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയതായും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.