സൗദിയിൽ ആഭ്യന്തര യാത്രകൾക്ക് വാക്‌സിൻ നിർബന്ധമില്ല

സൗദിയിൽ ആഭ്യന്തര യാത്രകൾക്കുള്ള കൊവിഡ് മാനദണ്ഡങ്ങൾ വിശദീകരിച്ച് മന്ത്രാലയം. യാത്രകൾക്ക് കൊവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയിട്ടില്ലെന്നും വാക്‌സിൻ സ്വകരിക്കാത്തവർക്ക് രാജ്യത്തിനകത്ത് യാത്ര ചെയ്യുന്നതിന് തടസങ്ങളില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ആഭ്യന്തര യാത്രകൾ നടത്തുന്നതിന് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന നിബന്ധനയില്ലെന്നാണ് സൗദി ആരോഗ്യ മന്ത്രാലയം വ്യകത്മാക്കിയിരിക്കുന്നത്. എന്നാൽ വ്യക്തികളുടെ ആരോഗ്യ നില തെളിയിക്കുന്ന തവക്കൽന ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് പച്ചയായിരിക്കണമെന്ന നിബന്ധന നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.

സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള എല്ലാവർക്കും ഇത് ബാധകമാണ്. പതിനഞ്ച് വയസിന് മുകളിൽ പ്രായമുള്ള ഓരോ വ്യക്തിക്കും വ്യക്തിഗത തവക്കൽന ആപ്ലിക്കേഷൻ സ്റ്റാറ്റസ് ആക്ടിവേറ്റ് ചെയ്യാവുന്നതാണെന്നും ഹെൽത്ത് അതോറിറ്റിയും അറിയിച്ചു. തവക്കൽനയിൽ ഇന്റർനെറ്റ് ഇല്ലാതെയും നാൽപ്പത്തിയെട്ട് മണിക്കൂർ വരെ സ്റ്റാറ്റസ് നിലനിൽക്കുന്ന സംവിധാനം ഏർപ്പെടുത്തിയതായും മന്ത്രാലയ അതികൃതർ അറിയിച്ചു.

എന്നാൽ രാജ്യത്തെ പബ്ലിക് ട്രാൻസ്‌പോർട്ട് മേഖല ഉൾപ്പെടെ വിവിധ തൊഴിൽ മേഖലകളിൽ ഇതിനകം വാക്‌സിൻ നിർബന്ധമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ ജോലി ചെയ്യുന്നവർ വാക്‌സിൻ സ്വീകരിച്ചവരോ, കോവിഡ് ബാധിച്ച് ഭേദമായവരോ ആയിരിക്കണമെന്ന് മന്ത്രാലയങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.